നിലമ്പൂർ: പണവും സ്വർണവും തട്ടിയെടുത്ത കേസിൽ മലയാളികളടങ്ങിയ സംസ്ഥാനാന്തര കവർച്ചാ സംഘം തമിഴ്‌നാട്ടിൽ പൊലീസിന്റെ പിടിയിലായി. നിലമ്പൂർ വീട്ടിച്ചാൽ കുരിശുംമൂട്ടിൽ സിറിൽ മാത്യു, (34), കൊടുങ്ങല്ലൂർ സ്വദേശികളായ ഷൈനു (30 ) പ്രവീൺദാസ് (33) സുജിത് (29), ശരത് (36) ആലുവ സ്വദേശികളായ അഖിൽ (30), സജീഷ് (35) ഷിഹാബുദ്ദീൻ (36) കൊയിലാണ്ടി സ്വദേശികളായ അക്ഷയ് സോനു, (22), വിഷ്ണു (27) ദേവികുളം സ്വദേശി ആന്റണി തങ്കച്ചൻ (24) തലശ്ശേരി സ്വദേശി ആസിഫ് (32) എന്നിവരെയാണ് ധർമഗിരി ജില്ലയിലെ കരിമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിൽനിന്ന് കോവൈയിലേക്ക് കാറിൽ കൊണ്ടുപോയ 4.8 കിലോഗ്രാം സ്വർണവും 1.2 കോടി രൂപയും തട്ടിയെടുത്തെന്ന കേസിലാണ് നടപടി. തമിഴ്‌നാട് ധർമപുരി ജില്ലയിലെ കരിമംഗലം സ്റ്റേഷൻ പരിധിയിൽ സെപ്റ്റംബർ 28നാണ് സംഭവം. സിറിൽ മാത്യു ആണ് തലവൻ. ഹവാല പണം കടത്തുന്ന സംഘത്തെ ആക്രമിച്ച് കവർച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതി. അംഗങ്ങൾക്കിടയിൽ ബോസ് എന്നറിയപ്പെടുന്ന സിറിൽ ആണ് കവർച്ചകൾ ആസൂത്രണം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

പണവും സ്വർണവും കൊണ്ടുപോയ വാഹനത്തെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച 3 കാറുകളിൽ പിന്തുടർന്ന സംഘം കൃഷ്ണഗിരി ടോൾ ഗേറ്റ് കഴിഞ്ഞപ്പാേഴാണ് കവർച്ച നടത്തിയത്. കാറിന് വിലങ്ങിട്ട് തടഞ്ഞ് ഡ്രൈവറെ മർദിച്ച് അവശനാക്കി. സ്വർണവും പണവും അടക്കം കാറുമായി കടന്നു കളഞ്ഞു. മുതലുകൾ വീതിച്ചെടുത്ത ശേഷം ഒളിവിൽ പോയ പ്രതികളെ ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്. സംഘത്തിലെ ബാക്കിയുള്ളവരെ പിടികൂടാനുണ്ട്.