തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ചു കൈവിലങ്ങുമായി ചാടിപ്പോയ എംഡിഎംഎ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇയാളുടെ കൂട്ടാളികളായ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാടിപ്പോയ പ്രതി പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദ് (28), സെയ്ദിന് ഒളിവിൽ കഴിയാൻ പണം നൽകി സഹായിച്ച മംഗലപുരം സ്വദേശി റെമീസ്, മറ്റു സഹായങ്ങൾ നൽകിയെന്നു സംശയിക്കുന്ന രണ്ടുപേരെയും ആണ് പൊലീസ് പിടികൂടിയത്.

ഇതിൽ സെയ്ദിന്റെയും റെമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മംഗലപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തോന്നയ്ക്കലിലെ കളിമൺഖനന സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നാണ് സെയ്ദിനെ എസ്എച്ച്ഒ എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ പിടികൂടിയത്.

വ്യാഴം വൈകിട്ട് 4ന് ആയിരുന്നു ജനറൽ ആശുപത്രിയിൽവച്ച് എസ്‌ഐ രജീഷിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചശേഷം സെയ്ദ് രക്ഷപ്പെട്ടത്. പാറ്റൂരിലെ ഇടവഴിയിലൂടെ രക്ഷപ്പെട്ട സെയ്ദ് ചാക്കയിൽ എത്തി കൈവിലങ്ങ് മറച്ചു അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി ഉള്ളൂരിൽ ഇറങ്ങി. അവിടെ നിന്നു മറ്റൊരു ഓട്ടോയിൽ കയറി മംഗലപുരത്ത് എത്തി. ഇവിടെവച്ചു റെമീസിൽ നിന്ന് പണം വാങ്ങിയ ശേഷം പിന്നീട് മറ്റൊരാളുടെ ബൈക്കിൽ കയറി തോന്നയ്ക്കലിലേക്കു പോകുകയായിരുന്നു.

പൂവാറിലെ എംഡിഎംഎ വിൽപനക്കേസിൽ പിടികൂടാൻ എത്തിയ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സെയ്ദിനെ രണ്ടാഴ്ചമുൻപാണ് ബാർട്ടൻഹിൽ ഗവ.ലോ കോളജിനു സമീപത്തെ ലോഡ്ജിൽ നിന്നു പൂവാർ പൊലീസ് പിടികൂടിയത്. ഈ കേസിന്റെ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചു പരുക്കേൽപ്പിച്ച ശേഷം കടന്നത്.