കണ്ണൂർ: മാധ്യമ രംഗത്ത് തെറ്റായ വാർത്തകളും പ്രവണതകളും തിരുത്തുന്നതിന് അതിനകത്തുതന്നെ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ അൻപത്തിയൊൻപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതു ബാഹ്യമായി ചെയ്യാൻ കഴിയില്ല. മാധ്യമ ലോകത്തിന് ഉള്ളിൽ നിന്നും തന്നെ ഉയർന്നു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യത്തിന്റെ കാവൽനായയാകേണ്ട മാധ്യമങ്ങൾ ഇന്ന് മടിത്തട്ടിൽ ഇരിക്കുന്ന നായകളായി മാറിയിരിക്കുകയാണെന്നു ദേശീയ മാധ്യമങ്ങളിൽ തന്നെ പ്രവർത്തിക്കുന്നവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയിരിക്കുന്ന മടിത്തട്ട് കോർപറേറ്ററുകളുടെ താണോ മുതലാളിമാരുടെതാണോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നതിൽ തെറ്റില്ല എന്നാൽ ജനങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ കൂടെ നിൽക്കാൻ തയ്യാറാകണം. ഏതു സർക്കാരായാലും ഈ രീതിയിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള മാധ്യമ ഇൻഡെക്‌സിൽ നമ്മുടെ രാജ്യം വളരെ പുറകിലുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ പുറകെ പോയി ഇപ്പോൾ 167-ാം സ്ഥാനത്തായി. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം തന്നെ അപകടാവസ്ഥയിലാണ്. എന്നാൽ കേരളത്തിൽ ഇതിൽ നിന്നും വിഭിന്നമായ സാഹചര്യമാണുള്ളത്. സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പത്രപ്രവർത്തകരുടെ പെൻഷൻ ഇതുവരെ സർക്കാർ മുടക്കിയിട്ടില്ല. ചില ദിവസങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടെങ്കിലും സർക്കാർ പത്ര പ്രവർത്തകരുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവർത്തകർക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ടു മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിൽ വാർത്തകൾ ശേഖരിക്കുന്നത് പോകുന്നതിന് മാധ്യമ പ്രവർത്തകരെ വിലക്കിയിരിക്കുകയാണ്. നിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ സഭാ ടി വി മാത്രം റിപ്പോർട്ടു ചെയ്തു മറ്റുള്ളവർക്കു നൽകുകയാണ്. വിവേചന രഹിതമായി മാധ്യമ പ്രവർത്തകരുടെ കംപ്യൂട്ടറുകളും മറ്റും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുന്നതിനെതിരെ സുപ്രീം കോടതി തന്നെ രംഗത്തുവന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുൻ എംപിയും അഭിഭാഷകനുമായ അഡ്വ. തമ്പാൻ തോമസ്, പുസ്തക രചയിതാവായ സിറാജ് ഫോട്ടോഗ്രാഫർ ഷമീർ ഊർ പള്ളി എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നൽകി ആദരിച്ചു.പത്രപ്രവർത്തക യൂനിയർ വെബ്‌സൈറ്റ് ലോഞ്ചിങ് മുഖ്യമന്ത്രി നിർവഹിച്ചു. പരിപാടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത അധ്യക്ഷയായി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ , രാമചന്ദ്രൻ കടന്ന പള്ളി എം.എൽ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ പങ്കെടുത്തു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ.വിജേഷ് നന്ദിയും പറഞ്ഞു.