- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി കോഴിക്കോട് ബീച്ചിൽ തന്നെ; വേദി അനുവദിച്ച് ജില്ലാ കളക്ടർ; പരിപാടിക്ക് മാറ്റമില്ല
കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിനെച്ചൊല്ലിയുള്ള രാഷ്ടീയപ്പോരിന് ഒടുവിൽ പരിഹാരം.കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിക്കും. നവകേരള സദസ്സിന്റെ വേദിയിൽ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് ജില്ലാകളകടർ ഉറപ്പ് നൽകി.
മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡന്റുമായും സംസാരിച്ചതിനെതുടർന്നാണ് പ്രശ്‌ന പരിഹരാത്തിന് വഴിയൊരുങ്ങിയത്. ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദർശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്.
വരുന്ന 23ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ കോൺഗ്രസ് സംഘടിപ്പിക്കാനിരുന്ന ഫലസ്തീൻ ഐക്യദാർഡ്യ റാലിക്ക് സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ പേരിലായിരുന്നു ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാൽ 16 ദിവസം മുമ്പ് വാക്കാൽ അനുമതി കിട്ടിയ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ സമ്മർദ്ദത്തെത്തുടർന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ആര് തടഞ്ഞാലും റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസിന് ജാള്യതയാണെന്ന് സിപിഎമ്മും തിരിച്ചടിച്ചു. രാഷ്ട്രീയപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ബിച്ചിൽ തന്നെ വേദി അനുവദിച്ച് വിവാദം .അവസാനിപ്പിച്ചത്.
ഡി.സി.സി. ബീച്ച് ആശുപത്രിക്ക് എതിർവശത്തുള്ള സ്ഥലത്ത് വേദിയൊരുക്കുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീൺകുമാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ വരാനിരിക്കുന്ന ചടങ്ങ് ബീച്ചിൽ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചായിരുന്നു നേരത്തെ അനുമതി നിഷേധിച്ചത്. 50000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെപിസിസി നിശ്ചയിച്ചിരുന്നത്.




