കണ്ണൂർ: മാധ്യമ പ്രവർത്തകരുടെ വേജ് ബോർഡ് സംവിധാനം ഇല്ലാതായ സാഹചര്യത്തിൽ ദൃശ്യ മാധ്യമങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ ശമ്പളസംവിധാനം കൊണ്ടുവരുന്നതിനായി പുതിയ ബോർഡ് രൂപീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരളപത്രപ്രവർത്തക യൂണിയൻ അൻപത്തിയൊൻപതാമത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

സർവീസിൽ നിന്നും പിരിയുന്ന മാധ്യമ പ്രവർത്തകർക്ക് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ തീരെ അപര്യാപ്തമാണ്. നിലവിലുള്ള പെൻഷൻ ഇരുപതിനായിരം രൂപയായി ഉയർത്തണമെന്നും സമ്മേളന പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ ഒരു കമ്മിഷനെ നിയോഗിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

തൊഴിൽ സുരക്ഷ, പിരിച്ചുവിടൽ ഭീഷണി, ശമ്പളം നിഷേധിക്കൽ , പെൻഷൻ വിതരണത്തിലെ കാലതാമസം, പെൻഷൻ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള കാലതാമസം എന്നിവ മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികളിൽ ചിലതാണ്. ഈ കാര്യങ്ങൾ അറിയിച്ചു കൊണ്ടു സർക്കാരിന് യൂണിയൻ നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടുണ്ട് എന്നാൽ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുന്നതിന് അനുകൂലമായ സമീപനങ്ങളോ നടപടികളോയുണ്ടായിട്ടില്ല. പി എഫ് സംബന്ധിച്ച പ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വിശദമായി പഠിക്കാൻ മാധ്യമ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ഒരു കമ്മിഷൻ രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. പത്രപ്രവർത്തക യൂനിയന്റെ നവീകരിച്ച വെബ്‌സൈറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. യൂനിയനു വേണ്ടി നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന അഡ്വ. തമ്പാൻ തോമസ് സൈന്യം വിളിക്കുന്നു പുസ്തകരചയിതാവും സിറാജ് കണ്ണൂർ യുനിറ്റ് ഫോട്ടോഗ്രാഫറുമായ ഷമീർ ഊർപ്പള്ളി എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നൽകി ആദരിച്ചു.

ചടങ്ങിൽ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത അധ്യക്ഷയായി. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ , രാമചന്ദ്രൻ കടന്നപ്പള്ളി എംഎ‍ൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, എന്നിവർ ആശംസകൾ നേർന്നു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ. വിജേഷ് നന്ദിയും പറഞ്ഞു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത അധ്യക്ഷയായി. ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുരേഷ് വെള്ളി മംഗലം വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എം. ഷജിൽ കുമാർ , സീമ മോഹൻലാൽ , ആർ. ജയപ്രസാദ്, അഞ്ജന ശശി, സംഘാടക സമിതി ചെയർമാൻ സിജി ഉലഹന്നാൻ എന്നിവർ സംസാരിച്ചു.