പുതുപ്പള്ളി: പുതുപ്പള്ളിയിലെ ലോട്ടറി കച്ചവടക്കാരന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. കവലയ്ക്കു സമീപം ലോട്ടറിക്കച്ചവടം നടത്തിയിരുന്ന എള്ളുകാല എസ്സി ഭവൻ ടി.എ.ചന്ദ്രശേഖരന്റെ മരണത്തിൽ ചന്ദ്രശേഖരന്റെ കടയ്ക്കു സമീപം വെറ്റിലയും പാക്കും കച്ചവടം ചെയ്തിരുന്ന വാഴക്കുളം പണ്ടാരക്കുന്നേൽ പി.കെ.കുരുവിളയെ (67) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലോട്ടറിയടിച്ചിട്ട് ചെലവു ചെയ്യാത്തതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കവും ഉന്തും തള്ളുമാണ് ചന്ദ്രശേഖരന്റെ മരണത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് പുതുപ്പള്ളി കവലയിലെ പെട്രോൾ പമ്പിനു സമീപമാണ് ചന്ദ്രശേഖരനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീടു ആശുപത്രിയിൽ മരിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ടുമാസം മുൻപു കുരുവിളയ്ക്കു ലോട്ടറി അടിച്ചിരുന്നു. അതിനു ചെലവ് ചെയ്തില്ല എന്നതിന്റെ പേരിൽ ഇരുവർക്കുമിടയിൽ ചെറിയ നീരസം നിലനിന്നിരുന്നു. അതിനെച്ചൊല്ലി കഴിഞ്ഞദിവസം വൈകിട്ട് 6.30ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി.

തുടർന്നു ചന്ദ്രശേഖരനെ കുരുവിള റോഡിലേക്ക് തള്ളുകയും ആ സമയമെത്തിയ വാഹനമിടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.