പാലാ: പാലായിലെ വ്യാപാരസ്ഥാപനത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചു പേരെ പൊലീസ് പിടികൂടി. സ്ഥാപന ഉടമയുടെ വാട്‌സാപ്പ് പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. സംഭവത്തിൽ യുപി സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണു പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

ജനുവരി 31നാണ് വൻ തട്ടിപ്പ് നടന്നത്. പാലായിലെ ഒരു സ്ഥാപനത്തിന്റെ എംഡിയുടെ വാട്‌സാപ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. എംഡിയുടെ ചിത്രമുള്ള വ്യാജ വാട്‌സാപ് അക്കൗണ്ടിലൂടെ മാനേജരുടെ ഫോണിലേക്കു പണമാവശ്യപ്പെട്ട് സന്ദേശമയച്ചു. ബിസിനസ് ആവശ്യത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ പണം അയയ്ക്കണമെന്നുമായിരുന്നു സന്ദേശം. എം.ഡിയുടെ പ്രൊഫൈൽ ചിത്രം കണ്ട മാനേജർ വിളിച്ചയാളെ വിശ്വാസത്തിലെടുത്തു.

താൻ യോഗത്തിൽ ആയതിനാൽ തിരിച്ചുവിളിക്കരുതെന്നും നിർദേശിച്ചു. തുടർന്ന് സ്ഥാപനത്തിൽ നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീടാണു തട്ടിപ്പ് പുറത്തായത്.ഡിവൈഎസ്‌പി എ.ജെ.തോമസ്, എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്‌ഐ പി.വി.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഉത്തർപ്രദേശിൽനിന്നു പ്രതികളെ കൂടിയത്.