- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തല്ലൂരിലെ കർഷകർ ചോദിക്കുന്നു ഞങ്ങളുടെ പണം എവിടെ? ഹോർട്ടി കോർപ്പ് നൽകാനുള്ളത് 20 ലക്ഷം രൂപ
മറയൂർ: കാന്തല്ലൂരിലെ കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനുള്ളത് 20 ലക്ഷം രൂപ. 2017 മുതൽ സംഭരിച്ച ശീതകാല പച്ചക്കറിയുടെ വിലയാണ് ആറു വർഷമായിട്ടും നൽകാത്തത്. കാന്തല്ലൂരിലെ നൂറിലധികം കർഷകരാണ് തങ്ങളുടെ അധ്വാനത്തിന്റെ വില കിട്ടാതെ വലയുന്നത്. തങ്ങളുടെ 20 ലക്ഷം രൂപ നൽകാൻ സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ മുൻപോട്ട് പോകുന്നത്്. കാലാവസ്ഥാവ്യതിയാനവും വന്യജീവികളുടെ ആക്രമണവും അതിജീവിച്ച് വായ്പ എടുത്ത് കൃഷി ഇറക്കിയ കർഷകരാണ് പുലിവാല് പിടിച്ചത്.
ഇടനിലക്കാരിൽനിന്ന് രക്ഷപ്പെടാനാണ് സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയത്. എന്നാൽ വർഷമിത്ര കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ വലയുകയാണ് കർഷകർ. എന്നാൽ, ശീതകാല പച്ചക്കറി സംഭരിച്ച വകയിൽ കാര്യമായ കുടിശ്ശിക ഇല്ലെന്നാണ് ഹോർട്ടികോർപ്പ് പറയുന്നത്. വട്ടവടയിലും ഇതേ സാഹചര്യമുണ്ട്.
കേരളത്തിൽ കാന്തല്ലൂരിലും വട്ടവടയിലും മൂന്നാറിലെ ചില എസ്റ്റേറ്റ് മേഖലകളിലുമാണ് ശീതകാല പച്ചക്കറി വ്യാപകമായുള്ളത്. കാരറ്റ്, കാബേജ്, ബീൻസുകൾ, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയാണ് ഇവിടെ വിളയുന്നത്. ഇടനിലക്കാർ ചുളുവിലയ്ക്ക് പച്ചക്കറികളെല്ലാം തമിഴ്‌നാട്ടിലേക്ക് കടത്തും. ഇത് പലമടങ്ങ് വിലയ്ക്ക് കേരള വിപണിയിലേക്ക് വരും. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഹോർട്ടികോർപ്പ് സംഭരണം തുടങ്ങിയത്.
കാന്തല്ലൂർ ശീതകാല പച്ചക്കറി ഉത്പാദക വിപണന സംഘവും വി.എഫ്.പി.സി.കെ. ലേലവിപണിയുമാണ് ഹോർട്ടികോർപ്പിനുവേണ്ടി പച്ചക്കറി സംഭരിച്ചത്. 2022-ലെ ഓണക്കാലം വരെ സംഭരണം തുടർന്നു. എന്നാൽ, കർഷകർക്ക് ഇതിന്റെ പണം കിട്ടിയില്ല. ഇപ്പോൾ ഉത്പാദക വിപണന സംഘത്തിന് 9.2 ലക്ഷം രൂപയും ലേല വിപണിക്ക് 10.67 ലക്ഷം രൂപയും ഹോർട്ടികോർപ്പ് നൽകാനുണ്ട്.
അതേസമയം സംഘത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോൾ 90,000 രൂപ മാത്രമേ കുടിശ്ശികയുള്ളുവെന്നാണ് ഹോർട്ടികോർപ്പ് പറയുന്നത്. ഗ്രേഡ് തിരിക്കാതെ പച്ചക്കറി കയറ്റി അയച്ചതെന്നും ചീഞ്ഞുപോയ പച്ചക്കറികളുടെ വില കുറച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ, ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിച്ചതിന്റെ ബില്ലുകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് കാന്തല്ലൂർ ശീതകാല പച്ചക്കറി ഉത്പാദക വിപണനസംഘം സെക്രട്ടറി പി.ജി. സോജനും വി.എഫ്.പി.സി.കെ. ലേലവിപണി സെക്രട്ടറി രാമമൂർത്തിയും പറയുന്നു.
കുടിശ്ശിക ചോദിക്കുമ്പോൾ ഉടൻ തരാമെന്ന് അറിയിച്ചിട്ട് ഇപ്പോൾ പച്ചക്കറികൾ ചീഞ്ഞുപോയെന്നും ഗ്രേഡ് തിരിച്ചില്ലെന്നും പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് കർഷകർ പറയുന്നു. വി.എഫ്.പി.സി.കെ.യുടെ കണക്കുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. കാന്തല്ലൂർ ശീതകാല വിപണന സംഘത്തിന്റെ കണക്കുകൾ പരിശോധിച്ചെന്നും വി.എഫ്.പി.സി.കെ.യുടെ രേഖകൾ ലഭ്യമായിട്ടില്ലെന്നും ഹോർട്ടികോർപ്പ് ഇടുക്കി ജില്ല മാനേജർ പമീല വിമൽരാജ് അറിയിച്ചു. വിപണിയുടെ കണക്കുകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല. കണക്കുകൾ ലഭ്യമായാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.



