നെടുമ്പാശ്ശേരി: എയർ ഫ്രൈയറിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി കടത്തിക്കൊണ്ടുവന്ന 31.47 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായിൽനിന്നും എത്തിയ അബ്ദുള്ളയുടെ പക്കൽ നിന്നുമാണ് 581 ഗ്രാം സ്വർണം പിടികൂടിയത്. സെപ്റ്റംബർ 24-ന് ആണ് ഇയാൾ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സംശയം തോന്നിയതിനാൽ ഇയാളുടെ പക്കലുണ്ടായിരുന്ന കാർട്ടൻ ബോക്‌സ് കസ്റ്റംസ് വിട്ടുകൊടുത്തില്ല.

സംശയാസ്പദമായ ഒന്നും ബോക്‌സിൽ ഇല്ലെന്ന് ഇയാൾ വാദിച്ചു. തുടർന്ന് ഇയാളെ വിട്ടയച്ചു. പിന്നീട് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. കണ്ണൂർ വിമാനത്താവളംവഴി ഒക്ടോബർ മൂന്നിന് ഇയാൾ വിദേശത്തേക്ക് പോയതായും കസ്റ്റംസിന് വിവരം ലഭിച്ചു. തുടർന്ന് കസ്റ്റംസ് അധികൃതർ വർക്ക്ഷോപ്പ് ജീവനക്കാരനെ വരുത്തി എയർ ഫ്രൈയർ പൊളിച്ചുനോക്കിയപ്പോഴാണ് അതിനകത്ത് സ്വർണം കണ്ടെത്തിയത്. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.