തിരുവനന്തപുരം: കുടിവെള്ളക്ഷാമത്തെ തുടർന്ന് പെരുമാതുറ തീരദേശ പാത ഉപരോധിച്ച് നാട്ടുകാർ. അഴൂർ പഞ്ചായത്തിലെ കൊട്ടാരം തുരുത്ത് നിവാസികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ചയായെന്നും ഇതുവരെയും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ജില്ലാ കളക്ടർ സ്ഥലത്ത് എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജല അഥോറിറ്റിയുമായി നടത്തിയ ചർച്ച പരാജയമായതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാർ തീരുമാനിച്ചത്. ഉപരോധത്തെ തുടർന്ന് പെരുമാതുറ തീരദേശ പാതയിൽ വൻ ഗതാഗത കുരുക്കാണ് ഉണ്ടായിരിക്കുന്നത്.