- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ വിരോധം തീർക്കാനുള്ള കള്ളക്കേസ്; കേരളത്തിലെ ജനങ്ങൾ സുരേഷ് ഗോപിക്കൊപ്പം; പിണറായി സർക്കാരിന് കേരളം ചുട്ട മറുപടി കൊടുക്കണമെന്ന് പി കെ കൃഷ്ണ ദാസ്
കോഴിക്കോട്: സുരേഷ് ഗോപിക്കെതിരെ രാഷ്ട്രീയവിരോധം തീർക്കാൻ വേണ്ടിയുള്ള കള്ളക്കേസെന്ന് മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണ ദാസ്. പിണറായി വിജയന്റെ സർക്കാർ അദ്ദേഹത്തിനെതിരെ നീചവും നികൃഷ്ടവുമായ കേസാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾ സുരേഷ് ഗോപിക്കൊപ്പമാണെന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് സുരേഷ്‌ഗോപിക്കെതിരായിട്ട് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും ചുമത്തിയിട്ടുള്ള കള്ളക്കേസ്, അത് രാഷ്ട്രീയ പ്രേരിതമാണ്. അത് രാഷ്ട്രീയ വിരോധം തീർക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുള്ളതാണ്. അതുകൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി കേരളത്തിൽ ഒരുപാട് കഥാപാത്രങ്ങൾ സൃഷ്ടിച്ച മഹാനടൻ സുരേഷ്‌ഗോപിക്കെതിരായിട്ട് ഇത്രയും നീചവും നികൃഷ്ടവുമായ രീതിയിൽ കേസ് ചുമത്തിയതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് കേരളം മുഴുവൻ സുരേഷ്‌ഗോപിക്കൊപ്പമാണ്, പിണറായി വിജയനോടൊപ്പമല്ല എന്നതാണ്.
അതിനുള്ള ചെറിയൊരു ഉദാഹരണമാണ്, ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വന്ന അദ്ദേഹത്തെ സ്വീകരിക്കാൻ കോഴിക്കോട് തടിച്ച് കൂടിയിട്ടുള്ള ജനങ്ങൾ. പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീ സമൂഹം സുരേഷ് ഗോപിക്കൊപ്പമാണെന്ന് നിസ്സംശയം പറയാൻ കഴിയും. സുരേഷ് ഗോപിക്കെതിരെ കള്ളക്കേസ് കൊടുത്തിട്ടുള്ള പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും സർക്കാരിനുമെതിരെ കേരളം ചുട്ട മറുപടി കൊടുക്കണമെന്ന കാര്യത്തിൽ സംശയമില്ല '- പി കെ കൃഷ്ണ ദാസ് പറഞ്ഞു.
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്.
പൊലീസ് സ്റ്റേഷൻ പരിസരത്ത് തനിക്ക് പിന്തുണയുമായി എത്തിയവർ നൽകിയ സ്‌നേഹത്തിന് നന്ദിയറിക്കുന്നതായി ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുടെ പേര് എടുത്ത് പറഞ്ഞായിരുന്നു നന്ദി. ഹാജരാകാൻ നോട്ടീസ് നൽകിയാൽ വീണ്ടും ഹാജരാകുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി. 354 എ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷൻ കവാടത്തിൽ മുദ്രാവാക്യം മുഴക്കി. സുരേഷ് ഗോപി സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. 'കോഴിക്കോട് എസ്.ജിക്കൊപ്പം' എന്ന പ്ലക്കാർഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പടെ 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. രാവിലെ 10.30-ന് സ്റ്റേഷനിൽ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പൊലീസ് നൽകിയ നിർദ്ദേശം. തുടർന്ന്, സ്റ്റേഷൻ പരിസരത്ത് കനത്തസുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്.




