കോഴിക്കോട്: സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ സ്പർശിക്കാൻ പോലും പിണറായി വിജയൻ സർക്കാർ ആയിരം ജന്മമെടുത്താലും സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയ സമ്മർദം കൊണ്ടുണ്ടായതെന്നാണെന്നും സർക്കാരിന്റെ അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയതിന് പിണറായി സർക്കാർ കെട്ടിച്ചമച്ചതാണ് കേസ് എന്നും സുരേന്ദൻ ആരോപിച്ചു.

കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ് സുരേഷ് ഗോപി. അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്.
കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടും. സുരേഷ് ഗോപി സർക്കാരിനെതിരെ പ്രതികരിക്കുമ്പോൾ അവർക്ക് പൊള്ളുന്നു എന്നതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.