കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പാനൂർ നഗരസഭാ ചെയർമാനും മുസ്ലിംലീഗ് നേതാക്കൾക്കുമെതിരെ വിദ്വേഷപരാമർശം നടത്തിയ പാനൂർ മുൻനഗരസഭാ സെക്രട്ടറിക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് യു.ഡി. എഫ് കൗൺസിലർമാർ. ഈ ആവശ്യം ഉന്നയിച്ച് നവംബർ 16ന് രാവിലെ പത്തരയ്ക്ക് കണ്ണൂർ കലക്ടറേറ്റിലുള്ള മുൻസിപ്പൽ ജോയന്റ് ഡയറക്ടർക്ക് നിവേദനം നൽകുമെന്ന് പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ പാനൂർ നഗരസഭാഓഫീസിൽ അറിയിച്ചു.

അതീവഗുരുതരമായ അച്ചടക്കലംഘനം നടത്തിയ സെക്രട്ടറിക്കൈതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് കൗൺസിലർ ജോയന്റ് രജിസ്ട്രാർക്ക് നിവേദനംനൽകുന്നത്. നേരത്തെ വിവാദപരാമർശം നടത്തിയ പ്രവീണിനെ മാനന്തവാടി നഗരസഭയിലേക്ക് തദ്ദേശസ്വയം ഭരണവകുപ്പ് സ്ഥലം മാറ്റിയിരുന്നു. മാനന്തവാടി നഗരസഭാസെക്രട്ടറിക്കാണ് പാനൂർ നഗരസഭയുടെ ചുമതല.

എന്നാൽ അതീവഗുരുതരമായ വിദ്വേഷപരാമർശം നടത്തിയ പാനൂർ മുൻനഗരസഭാ സെക്രട്ടറി പ്രവീണിനെ സർക്കാർ സംരക്ഷിക്കുകയാണെന്നാണ് യു.ഡി. എഫ് അംഗങ്ങളുടെ ആരോപണം. മുൻസെക്രട്ടറി പ്രവീൺ മറ്റൊരുജീവനക്കാരനുമായി നടത്തിയ ഫോൺസംഭാഷണമാണ് ചോർന്നത്. ഇതിനു ശേഷം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പാനൂർ നഗരസഭയിൽ നടത്തിയ ക്രമക്കേടുകളെ കുറിച്ചു താൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി തുറന്നടിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സി.പി. എം രംഗത്തുവന്നതിനെ തുടർന്ന് വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.