- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം; പാനൂർ നഗരസഭാ വികസനസമിതി അവലോകനയോഗം കെ.പി മോഹനൻ എം എൽ എ ബഹിഷ്‌കരിച്ചു
കണ്ണൂർ: പാനൂർ നഗരസഭാ വികസനസമിതി അവലോകനയോഗം കെ.പി മോഹനൻ എംഎൽഎ ബഹിഷ്‌കരിച്ചു. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും എംഎൽഎ ഫണ്ടുകളുടെ വിനിയോഗം സമയബന്ധിതമായി പൂർത്തീകരിക്കാനുമായിരുന്നു യോഗം. പാനൂർ നഗരസഭാ കൗൺസിൽ ഹാളിൽ എംഎൽഎ വിളിച്ചു ചേർത്ത വികസനസമിതി അവലോകന യോഗത്തിൽ പാനൂർ നഗരസഭാ ചെയർമാൻ വി.നാസർമാസ്റ്റർ സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങളിൽ പ്രതിഷേധിച്ചാണ് കെ.പി മോഹനൻ എംഎൽഎ ഇറങ്ങിപ്പോയത്.
ബുധനാഴ്‌ച്ച രാവിലെ പതിനൊന്നുമണിക്ക് പാനൂർ നഗരസഭാ കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത യോഗമാണ് എംഎൽഎ ബഹിഷ്‌കരിച്ചത്. യോഗത്തിൽ അധ്യക്ഷനായ പാനൂർ നഗരസഭാ ചെയർമാൻ വി.നാസർമാസ്റ്ററുടെ പ്രസംഗമാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.
പാനൂർ നഗരസഭയിൽ ഭരണനിർവഹണം നടത്താൻ ഉദ്യോഗസ്ഥന്മാരുടെ കുറവുണ്ടെന്നും ഇതു നികത്താൻ സർക്കാർ തയ്യാറാകണമെന്നും എംഎൽഎ ഈക്കാര്യത്തിൽ ഇടപെടണമെന്നുമായിരുന്നു നാസർമാസ്റ്ററുടെ ആവശ്യം.
നഗരസഭയിൽ അസി. എൻജിനിയർ ഇല്ലാത്തതിനു പകരം മൊകേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്നും ഏഴു ഓവർസീയർമാർ വേണ്ടിടത്ത് മൂന്നുപേരാണുള്ളതെന്നും പാനൂർ നഗരസഭാ ചെയർമാൻ ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്നായിരുന്നു എംഎൽഎയുടെ മറുപടി. ഇക്കാര്യങ്ങൾ താൻ വിളിച്ചു ചേർത്ത യോഗത്തിൽ പറയുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് എംഎൽഎ താൻ വിളിച്ചു ചേർത്ത യോഗം ബഹിഷ്‌കരിച്ചത്.
ഭരണനിർവഹണ ഉദ്യോഗസ്ഥന്മാർ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിന്നാണ് എംഎൽഎ ഇറങ്ങിപോയത്. എന്നാൽ നവകേരളസദസിന് യു.ഡി. എഫ് ഭരിക്കുന്ന പാനൂർ നഗരസഭഫണ്ടു നൽകാൻ തയ്യാറാകാത്തതും ഇടതുസർക്കാർ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതുമാണ് എംഎൽഎയെപ്രകോപിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യു.ഡി. എഫ് ഭരിക്കുന്ന പാനൂർ, ശ്രീകണ്ഠാപുരം നഗരസഭകളും കണ്ണൂർ കോർപറേഷനും സർക്കാർ നടത്തുന്ന നവകേരളസദസ് ധൂർത്താണെന്ന് ആരോപിച്ചു ഫണ്ടു നൽകില്ലെന്നു പ്രഖ്യാപിച്ചിരുന്നു.




