കണ്ണൂർ: അയ്യംകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ പൊലിസുമായി വെടിവയ്‌പ്പുനടത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ടുവനിതകൾ തലശേരിയിലെത്തിയെന്ന വിവരത്തെ തുടർന്ന് തലശേരി ടൗണിൽ പൊലിസ് തെരച്ചിൽ നടത്തി. തലശേരി റെയിൽവെ സ്റ്റേഷൻ, പഴയബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, കെ. എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ്, തലശേരി കടൽപാലം എന്നിവിടങ്ങളിലാണ് പൊലിസ് ബുധനാഴ്‌ച്ച രാവിലെ മുതൽ തെരച്ചിൽ നടത്തിയത്.

ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ചൂരിദാർ ധരിച്ച രണ്ടു മാവോയിസ്റ്റ് വനിതകൾ തലശേരി നഗരത്തിലെത്തിയതായി പൊലിസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടങ്ങിയത്. നെടുംപൊയിലിൽ നിന്നും സ്വകാര്യബസിലെത്തിയ വനിതകൾ ഒ.വി റോഡിലെ പഴയ ചിത്രവാണി ടാക്കീസിനു സമീപം ബസിറങ്ങിയതായാണ് പൊലിസിന് ലഭിച്ച വിവരം.

ഇതോടെ മിനിട്ടുകൾക്കുള്ളിൽ നഗരം പൊലിസിന്റെ വലയിലാക്കി. അയ്യൻകുന്ന് ഉരുപ്പുംകുറ്റി വനത്തിൽ പൊലിസുമായി ഏറ്റുമുട്ടലിനിടെ പരുക്കേറ്റ വനിതകളിലൊരാൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് നിഗമനം. ഇതോടെ തലശേരി നഗരത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്.

എന്നാൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു. ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ടിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന സൂചന പൊലിസിന് ലഭിച്ചത് തലശേരിയിൽ നിന്നും വാങ്ങിക്കൊണ്ടുപോയ പോത്തിറച്ചിയിൽ നിന്നാണെന്നാണ് വിവരം. ടൗണിലെ ഒരു ഇറച്ചിക്കടയിൽ നിന്നാണ് പതിനെട്ടുകിലോ പോത്തിറച്ചി അയ്യൻകുന്ന് ഭാഗത്തേക്ക് വാങ്ങിക്കൊണ്ടു പോയത്. ഇതു ശ്രദ്ധയിൽപ്പെട്ട രഹസ്യാന്വേഷണ വിഭാഗം ഇറച്ചി ആയാംകുടി കോളനിക്ക് സമീപം വരെ എത്തിയതായി മനസിലാക്കുകയും ഇവിടെ മാവോയിസ്റ്റുകളുണ്ടെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രീകരിച്ചുള്ള ഒരു ഓപറേഷൻ തണ്ടർ ബോൾട്ടും പൊലിസും നടത്തിയത്.