കണ്ണൂർ: പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചിതപ്പിലെ പൊയിൽവീട്ടിൽ കയറി മോഷണം നടത്തിയ കേസിലെ അഞ്ചംഗസംഘത്തിലെ ഒരു പ്രതി കോയമ്പത്തൂരിൽ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശിയായ സഞ്ജീവ്കുമാർ(27) നെയാണ് പരിയാരം പൊലിസ് പിടികൂടിയത്. കോയമ്പത്തൂർ സൊളൂരിൽ വച്ചാണ് പരിയാരം എസ്‌ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബൈക്കിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ സാഹസികമായി പിടികൂടിയത്.

കുപ്രസിദ്ധ കവർച്ചക്കാരനും കൊലക്കേസ് പ്രതിയുമായ സൊള്ളൻ സതീഷാണ് മോഷണത്തിന് ഏകോപനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട നാലംഗസംഘത്തിന് പരസ്പരം അറിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. വൈഫൈ ഉപയോഗിച്ചാണ് ഇവർ പരസ്പരം ബന്ധപ്പെട്ടതെന്നാണ് വിവരം. മറ്റ് പ്രതികളെ കണ്ടെത്താൻ ഊർജ്ജിത പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

ദേശീയപാതയിലും കവർച്ച നടന്ന വീടുകൾ സ്ഥിതി ചെയ്യുന്ന സി.സി.ടി.വി ക്യാമറകൾകേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കവർച്ചാസംഘം ഉപയോഗിച്ച വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള വാഹനംപയ്യന്നൂർ ഡി. വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരിച്ചറിഞ്ഞത്. ഇതിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒക്ടോബർ 19-നാണ് പരിയാരത്ത് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്.

വീടിന്റെ ജനൽ ഗ്രിൽസ് തകർത്ത മുഖംമൂടിസംഘം ഡോക്ടറുടെ വീട്ടിലെ വയോധികയുടെ കഴുത്തിന് കത്തിവെച്ചു അക്രമിച്ചു ഒൻപതു പവന്റെ സ്വർണാഭരണങ്ങളും പതിനഞ്ചായിരം രൂപയും കവർച്ച ചെയ്യുകയായിരുന്നു. പരിയാരം ചിതപ്പിലെ പൊയിലിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടത്തിയത്.അഞ്ചംഗസംഘമെത്തിയ വാഹനം തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതികൾ തമിഴ്‌നാട് സ്വദേശികളാണെന്നു മനസിലാക്കി കൂടുതൽ അന്വേഷണത്തിനായി പൊലിസ് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. കോയമ്പത്തൂരിലെ സുളൂരിൽ നിന്നാണ് സഞ്ജീവ് കുമാർ പിടിയിലാകുന്നത്.

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ക്രിമിനൽ സൊള്ളൻ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് നേരത്തെ പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.കൊലപാതക കേസിലടക്കം പ്രതിയായ സൊള്ളൻ സതീഷാണ് വിവിധമേഖലകളിലെ പ്രതികളെ ഏകോപിപ്പിച്ചു കവർച്ചാസംഘമുണ്ടാക്കിയത്. സംഘത്തിലെ അംഗങ്ങളുമായി വൈഫെമോഡം ഉപയോഗിച്ചു സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.