കണ്ണൂർ: വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ബേബി ക്രഷ് ജീവനക്കാർക്ക് വേതനം മുടങ്ങിയിട്ട് പത്ത് മാസം ആകുന്നു. ജീവനക്കാർ ശമ്പളമില്ലാതെയാണ് നാളുകളായി പണി എടുക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനു പുറമേ കുട്ടികൾക്കുള്ള ഭക്ഷണ അലവൻസും മുടങ്ങി. നിർധനരായ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരായ വനിതകളുടെയും കുട്ടികളെ പകൽസമയത്ത് സംരക്ഷിക്കാനാണ് ക്രഷുകൾ തുടങ്ങിയത്.

ആറുമാസംമുതൽ ആറുവയസ്സുവരെയുള്ള കുട്ടികളെയാണ് ബേബി ക്രഷുകളിൽ പരിപാലിക്കുന്നത്. ബാലസേവിക, ആയ എന്നീ രണ്ട് ജീവനക്കാരാണ് ക്രഷുകളിലുള്ളത്. ബാലസേവിക-3000 രൂപ, ആയ-1500 രൂപ എന്നിങ്ങനെയാണ് മാസം ഓണറേറിയം. സംസ്ഥാനത്ത് 273 ക്രഷുകളാണുള്ളത്. ഈവർഷം ജനുവരിമുതൽ ഒക്ടോബർവരെയുള്ള ഓണറേറിയം കുടിശ്ശിക 1.22 കോടി രൂപയായി. സന്നദ്ധസംഘടനകൾ (എൻ.ജി.ഒ.) മുഖാന്തരം പ്രവർത്തിക്കുന്ന ക്രഷുകൾക്ക് കേന്ദ്രസർക്കാർ 60 ശതമാനം, സംസ്ഥാന സർക്കാർ 30, എൻ.ജി.ഒ. 10 എന്നിങ്ങനെയാണ് തുക അനുവദിക്കുന്നത്.

മിക്ക ക്രഷുകളിലും 20-നും 30-നും ഇടയിൽ കുട്ടികളുണ്ട്. ദിവസേന ഒരു കുട്ടിക്ക് 14 രൂപയാണ് ഭക്ഷണ അലവൻസ്. ജീവനക്കാർ വിട്ടുപോയതിനെത്തുടർന്ന് ഒട്ടേറെ ക്രഷുകൾ ഇതിനോടകം പൂട്ടി. 2016-ലെ 10 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജിവനക്കാർ പറയുന്നു. ഫെബ്രുവരിവരെയുള്ളത് അനുവദിച്ചതായി അധികൃതർ പറയുന്നു.

നിർധനരായ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരായ വനിതകളുടെയും കുട്ടികളെ പകൽസമയത്ത് സംരക്ഷിക്കാൻ നടപ്പാക്കിയ രാജീവ് ഗാന്ധി ദേശീയ ക്രഷ് പദ്ധതി ഇപ്പോൾ ദേശീയ ക്രഷ് പദ്ധതിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.

സർക്കാരിന്റെ കണക്കുപ്രകാരം പൂരകഭക്ഷണമായി കുട്ടികൾക്ക് പാൽ, മുട്ട, പഴവർഗങ്ങൾ, ബ്രഡ് എന്നിവയാണ് നൽകേണ്ടത്. ആരോഗ്യപരിശോധന, വളർച്ചാ നിരീക്ഷണം, പ്രതിരോധകുത്തിവെപ്പ്, അനുപൂരക പോഷകാഹാരവിതരണം എന്നീ പ്രവർത്തനങ്ങളും നടത്തണം. ഇതെല്ലാം ഇപ്പോൾ പലേടത്തും മുടങ്ങിയിരിക്കുകയാണ്.

ദേശീയ ക്രഷ് പദ്ധതി 'പാൽന (തൊട്ടിൽ) ക്രഷ് പദ്ധതി' എന്നപേരിൽ കേന്ദ്രം പുനരാവിഷ്‌കരിക്കുകയാണെന്നും അതിന്റെഭാഗമായാണ് ഫണ്ട് വൈകുന്നതെന്നും സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് അധികൃതർ പറഞ്ഞു. പുതിയമാറ്റത്തിൽ ബാലസേവികയ്ക്ക് 6000 രൂപയും ആയയ്ക്ക് 2750 രൂപയുമായി വേതനം വർധിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാർ 1000, 500 രൂപവീതം അധികമായി നൽകുമെന്നും, അങ്ങിനെ ബാലസേവികയ്ക്ക് 7000 രൂപയും ആയയ്ക്ക് 3250 രൂപയും ലഭിക്കുമെന്നും അവർ പറയുന്നു.