- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
ലക്‌നൗ: ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതിയുടെ വീട്ടിൽ സഹായത്തിന് എത്തിയിരുന്ന 23കാരന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചു മാറ്റിയത്. സംഭവ ശേഷം അറുത്തുമാറ്റിയ ജനനേന്ദ്രിയവുമായി യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ബുധനാഴ്ച യുവതി വീട്ടിൽ തനിച്ചായിരുന്നു. ബന്ധുക്കൾ എല്ലാവരും മറ്റ് കുടുംബ വീടുകളിൽ പോയിരിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിലെത്തി യുവാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇയാളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി അടുക്കളയിൽ നിന്നെടുത്ത കത്തി കൊണ്ട് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി യുവാവിനെതിരെ പരാതി നൽകുകയും ചെയ്തു.ഇതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിൽ എത്തി പരിശോധന നടത്തി.
യുവാവിനെ പ്രയാഗ് രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുറ്റകൃത്യത്തിന് യുവതി ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. എന്നാൽ സംഭവത്തിൽ യുവാവ് പൊലീസിന് മറ്റൊരു മൊഴിയാണ് നൽകിയത്.കുട്ടിക്കാലം മുതൽ യുവതിയുടെ വീട്ടിലാണ് ജോലി ചെയ്യുന്നതെന്ന് യുവാവ് പറഞ്ഞു. സംഭവം നടക്കുന്ന ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയ തന്നെ യുവതി അബോധാവസ്ഥയിലാക്കി ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു എന്നാണ് യുവാവ് മൊഴി നൽകിയത്.
സംഭവത്തിൽ യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 326, 308 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അന്വേഷണം പുരോഗമിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.



