കൽപ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയും പാലക്കാട് നർകോട്ടിക് വിഭാഗം ഡിവൈഎസ്‌പിയുമായ ആർ മനോജ് ആണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടുവർഷവും നാലുമാസവും കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കെ സുരേന്ദ്രൻ ഒന്നാം പ്രതിയാക്കിയും സികെ ജാനുവിനെ രണ്ടാംപ്രതിയാക്കിയുമാണ് കുറ്റപത്രം. ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ മലവയലാണ് മൂന്നാം പ്രതി. 83 സാക്ഷികളാണ് കേസിലുള്ളത്. 62 രേഖകൾ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിൽ ദൃക്സാക്ഷികളില്ല. സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി കെ ജാനുവിന് 50 ലക്ഷം രൂപ നൽകിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.

2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷം രൂപയും നൽകിയെന്നുമായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതിക്കാരൻ.