ആലപ്പുഴ: ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യ ജയശ്രീയെ വെട്ടിയ ശേഷം ചെങ്ങന്നൂർ മുളക്കുഴ കിഴക്കേപറമ്പിൽ ശ്രീജിത്താണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ശ്രീജിത്ത് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

രാവിലെ ഒൻപത് മണിക്കാണ് സംഭവം. വെട്ടുകത്തിയെടുത്ത് ശ്രീജിത്ത് ഭാര്യയുടെ തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു. തുടർന്ന് ഭാര്യ നിലവിളിച്ച് കൊണ്ട് അയൽവക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. ഉടൻ തന്നെ ജയശ്രീ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇതിന് ശേഷമാണ് ശ്രീജിത്ത് വീട്ടിനകത്ത് കയറി തൂങ്ങിമരിച്ചത് എന്ന് പൊലീസ് പറഞ്ഞു.