തിരുവനന്തപുരം: ബംഗ്ലാദേശിലെ ചിറ്റാഗോഗ് തുറമുഖത്ത് നിന്നും ഷാർജ്ജയിലേക്ക് പോകുന്ന വഴി ഗാബോൺ ഫ്‌ളാഗ് എണ്ണക്കപ്പലായ എം ടി. എം. എസ്. ജി. രണ്ട് ദിവസം മുമ്പ് എഞ്ചിൻ തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തുനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്നു. അത് ഇന്നലെ വൈകുന്നേരം ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതിനെ തുടർന്ന് കേരളാ മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖത്തിൽ എത്തിച്ചേരുകയും മുംബൈയിൽ നിന്നുള്ള രണ്ട് ടെക്‌നീഷ്യന്മാർ പരിശോധനക്കായി കയറുകയും ചെയ്തു.

ഇന്ന് ഉച്ചയോടെ തകരാർ പരിഹരിക്കുന്നതിനായുള്ള സ്‌പെയർ പാർട്ട്‌സുകൾ തുറമുഖത്ത് എത്തിച്ചേരുകയും കസ്റ്റംസ് ക്ലിയറൻസിനു ശേഷം ആയത് ഷിപ്പിൽ എത്തിച്ച് തകരാർ പരിഹരിക്കുമെന്നും തുറമുഖ പർസർ വിനുലാൽ എസ്. അറിയിച്ചു.

തകരാർ പരിഹരിച്ച് കപ്പൽ നാളെ മടങ്ങുമെന്നാണ് അറിവ്. തുറമുഖ പർസറിന് പുറമേ അസി. കൺസർവ്വേറ്റർ അജീഷ്, ടഗ് ജീവനക്കാർ എന്നിവർ രാത്രിയിൽ നടന്ന ഓപ്പറേഷന് നേതൃത്വം വഹിച്ചു. തലസ്ഥാനത്തെ ഡോവിൻസ് റിസോഴ്‌സ് എന്ന കമ്പനിയാണ് കപ്പലിന്റെ ഏജൻസി.