- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാന ശല്യം കാരണം വീടും പുരയിടവും ഉപേക്ഷിക്കേണ്ടി വന്നു; ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും രണ്ട് ഏക്കർ സ്ഥലമള്ളതിനാൽ പരിഗണിച്ചില്ല; ബിപിഎൽ കാർഡും ലഭിക്കാതായതോടെ ജീവിതം വഴിമുട്ടി: കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി
കണ്ണൂർ: വന്യമൃഗശല്യം കാരണം രണ്ടര വർഷം മുൻപ് വീടും പുരയിടവും ഉപേക്ഷിച്ചു വാടക വീട്ടിലേക്ക് താമസം മാറിയ കർഷകൻ ജീവനൊടുക്കി. അയ്യൻകുന്ന് പാലത്തിൻകടവ് മുടിക്കയം നടുവത്ത് സുബ്രഹ്‌മണ്യനാണ് (71) ജീവനൊടുക്കിയത്. കാട്ടാന ശല്യം മൂലം സ്വന്തം വീട് ഉപയോഗിക്കാനാകാത്തതിനാൽ സുബ്രഹ്‌മണ്യനും ഭാര്യയും വാടകയ്ക്കാണ് താമസിച്ചിരുന്നത്. പകലും കാട്ടാന ആക്രമണം പതിവായതോടെയാണ് വാടക വീട്ടിലേക്ക് മാറിയത്.
കാട്ടാന ശല്യം മൂലം ജീവിത മാർഗവും വീടും സ്ഥലവും നഷ്ടമായതോടെയാണ് സുബ്രഹ്‌മണ്യൻ മരണത്തെ അഭയം പ്രാപിച്ചത്. പ്രദേശവാസി ഇല്ലിക്കക്കുന്നേൽ സിനുവിന്റെ വീട്ടുമുറ്റത്താണു മൃതദേഹം പൊതുദർശനത്തിനു വച്ചത്. സുബ്രഹ്‌മണ്യന്റെ വീട്ടിലും പറമ്പിലും പകലും കാട്ടാനയുടെ ആക്രമണം പതിവായിരുന്നു. ഇതോടെ നല്ല ആദായമുള്ള 2.2 ഏക്കർ പുരയിടവും വീടും ഉപേക്ഷിക്കേണ്ടി വന്നു.
വാടക വീട്ടിലേക്ക് മാറിയെങ്കിലും വീട്ടുടമ തെക്കേൽ സജി വാടക വാങ്ങിയിരുന്നില്ല. വീടു വിട്ടതിനു ശേഷം സുബ്രഹ്‌മണ്യനും ഭാര്യ കനകമ്മയും ഈ വീട്ടിലാണു താമസം. വീടിന് അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ താമസം മാറ്റേണ്ട സാഹചര്യം ഉടമ സൂചിപ്പിച്ചിരുന്നു. വന്യമൃഗശല്യമില്ലാത്ത സ്ഥലത്ത് സ്വന്തം വീടെന്ന ആഗ്രഹത്തിൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും 2.2 ഏക്കർ സ്ഥലമുള്ളതിനാൽ പരിഗണിക്കപ്പെട്ടില്ല. മൃതദേഹം മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. മക്കൾ: ജ്യോതി, സൗമ്യ. മരുമക്കൾ: ഷാജി, രാജേഷ്.
നവകേരള സദസ്സിനായി 22ന് ഇരിട്ടി മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് തന്റെ കഷ്ടപ്പാടുകൾ വിവരിച്ച് ഹർജി തയാറാക്കി വച്ചിട്ടാണ് സുബ്രഹ്‌മണ്യൻ ജീവനൊടുക്കിയത്. തന്റെയും ഭാര്യയുടെയും പേരിൽ മകളെക്കൊണ്ട് എഴുതിപ്പിച്ച ഹർജിയിൽ, വന്യമൃഗശല്യത്തിന്റെയും നിയമതടസ്സം കാരണം ബിപിഎൽ കാർഡ് ലഭിക്കാത്തതിന്റെയും അവസ്ഥ വിവരിക്കുന്നു. മരുന്നിനും നിത്യച്ചെലവിനും ബുദ്ധിമുട്ടുന്ന കാര്യവും വിശദീകരിച്ചിട്ടുണ്ട്. തുടർചികിത്സയ്ക്കും താമസയോഗ്യമായ സ്ഥലവും വീടും അനുവദിച്ചു കിട്ടുന്നതിനുമാണ് അപേക്ഷ തയാറാക്കിയിരുന്നത്.



