മല്ലപ്പള്ളി: സഹോദരന്റെ ഭാര്യ തിളച്ചവെള്ളം ഒഴിച്ചതിനെത്തുടർന്ന് ദേഹമാസകലം പൊള്ളലേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കല്ലൂപ്പാറ പുതുശേരി പള്ളിക്കമൂവക്കോട്ട് ബിജോയ് ജേക്കബി (53) നാണ് പൊള്ളലേറ്റത്.

ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ പണി കഴിഞ്ഞ് വരുമ്പോൾ മഴ കാരണം, ജ്യേഷ്ഠസഹോദരൻ സന്തോഷിന്റെ വീട്ടുവരാന്തയിൽ കയറി ഇരുന്നെന്നും ഈ സമയം സന്തോഷിന്റെ ഭാര്യ സുനി ക്‌ളീറ്റസ് തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചെന്നും ബിജോയ് പൊലീസിന് മൊഴി നൽകി.

മുപ്പത് ശതമാനം പൊള്ളലേറ്റു. സന്തോഷും ഭാര്യ സുനിയും തമ്മിൽ കുടുംബപ്രശ്‌നങ്ങളുണ്ട്. ഇതിന്റെ പേരിൽ ബിജോയി മദ്യപിച്ചെത്തി സുനിയെ അസഭ്യം പറയുമായിരുന്നെന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചു. സംഭവസമയത്ത് സന്തോഷ് സ്ഥലത്തില്ലായിരുന്നു. തൊട്ടടുത്ത് കുടുംബവീട്ടിലാണ് ബിജോയ് താമസിക്കുന്നത്. അവിവാഹിതനാണ്.