- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരിയാണി വിറ്റും ഭക്ഷ്യമേള നടത്തിയും ആക്രി പെറുക്കിയും വിദ്യാർത്ഥികൾ; ഭിന്നശേഷിക്കാരനായ സഹപാഠിക്ക് വീട് നിർമ്മിക്കാൻ പണം കണ്ടെത്തി സഹപാഠികൾ
ആറ്റിങ്ങൽ: കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടില്ലാത്ത ഭിന്നശേഷിക്കാരനായ സഹപാഠിക്ക് വീടു നിർമ്മിക്കാൻ ഒത്തൊരുമിച്ചിരിക്കുകയാണ് സഹപാഠികൾ. ബിരിയാണി വിറ്റും ഭക്ഷ്യമേള നടത്തിയും ആക്രി പെറുക്കിയുമെല്ലാം തങ്ങളാൽ കഴിയും വിധം പണം കണ്ടെത്താനുള്ള തിരക്കിലാണ ് ആറ്റിങ്ങൽ മോഡൽ ബി.എച്ച്.എസ്.എസിലെ ് ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ്. യൂണിറ്റ്.
എട്ടാംക്ലാസ് വിദ്യാർത്ഥി മാണിക്യത്തിനുവേണ്ടിയാണ് വീടൊരുങ്ങുന്നത്. മാണിക്യത്തിന്റെ അച്ഛൻ പലഹാരങ്ങൾ കൊണ്ടുനടന്ന് വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്. മാണിക്യവും അച്ഛനും മാത്രമാണ് വീട്ടിലുള്ളത്. എന്നാൽ ഭിന്നശേഷിക്കാരനായ ഈ കുട്ടിക്കും പിതാവിനും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ലെന്നറിഞ്ഞപ്പോഴാണ് ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് വീട് നിർമ്മിക്കുക എന്ന ദൗത്യം ഏറ്റെടുത്തത്.
നാലുലക്ഷം രൂപയാണ് ഇവർ വീട് നിർമ്മിക്കാൻ ബജറ്റിട്ടത്. ഈ പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് വിദ്യാർത്ഥികൾ. ഇതിനായി പല മാർഗങ്ങൾ സ്വീകരിച്ചു. സ്‌കൂളിൽ ബിരിയാണി ചലഞ്ച് നടത്തി. ഒഴിവുവേളകളിൽ വീടുവീടാന്തരം കയറിയിറങ്ങി ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റു. ഭക്ഷ്യമേള നടത്തി.
സ്‌കൂൾ ഉപജില്ലാകലോത്സവത്തിന്റെ വേദിയായപ്പോൾ അവിടെ തട്ടുകട നടത്തിയും പണം സമാഹരിച്ചു. ഇതിൽനിന്നുള്ള വരുമാനമെല്ലാം സ്വരുക്കൂട്ടി. അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തുപിടിച്ചപ്പോൾ വീടുനിർമ്മിക്കാനുള്ള പണം കണ്ടെത്താനുള്ള പ്രയാസം അവർക്ക് മറികടക്കാനായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എസ്.ബിനു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി എസ്.വിജുകുമാർ അധ്യക്ഷനായി. അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും പങ്കെടുത്തു. ഈ മാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി വീടിന്റെ താക്കോൽ കൈമാറാനുള്ള തയ്യാറെടുപ്പിലാണ് എൻ.എസ്.എസ്. യൂണിറ്റ്.



