- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടി; ആലപ്പുഴയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും 20.287 കിലോഗ്രം കഞ്ചാവ് എക്‌സൈസ് ചേർത്തല റേഞ്ച് അധികൃതർ പിടികൂടി. അതേസമയം കഞ്ചാവ് കടത്തിക്കൊണ്ടുവന്നവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ 100 മീറ്ററോളം തെക്കുമാറി രണ്ടു ബാഗുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യവിവരത്തെത്തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയത്.
ഷാലിമാർ എക്സ്‌പ്രസിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണെന്ന് എക്‌സൈസ് സംശയിക്കുന്നു. അഞ്ചംഗസംഘമാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണു സൂചന.
ഒൻപതരക്കിലോ കഞ്ചാവുമായി രണ്ടുപേർ ആലുവയിൽ വ്യാഴാഴ്ച പിടിയിലായിട്ടുണ്ട്. ഈ സംഘത്തിലുള്ളവർ തന്നെയാണ് ചേർത്തലയിലും കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് സംശയിക്കുന്നു. എക്‌സൈസ് അധികൃതരുടെ പരിശോധനയറിഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ എക്‌സൈസ് ഐ.ബി. ഇൻസ്‌പെക്ടർ ജി. ഫെമിൻ, പ്രിവ്രന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, കെ.പി. സുരേഷ്, ആർ.പി.എഫ്. എഎസ്ഐ. ഓമനക്കുട്ടൻപിള്ള, എക്‌സൈസ് ഗ്രേഡ് ഓഫീസർമാരായ ജി. മണികണ്ഠൻ, ടി.ആർ. സാനു, ഷിബു പി. ബെഞ്ചമിൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
അതേസമയം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവമ്പാടി മുനാസ് മൻസിലിൽ മുനീർ (24) ആണ് മുല്ലാത്തുവളപ്പിൽ വെച്ച് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ഒരുലക്ഷത്തിലേറെ വിലവരും. ഇടുക്കിയിൽനിന്ന് കിലോയ്ക്ക് 15,000 രൂപയ്ക്കു വാങ്ങി ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് 500 രൂപയ്ക്കു വിൽക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ സുഹൃത്തുക്കൾ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. നർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി. സജിമോൻ, ആലപ്പുഴ ഡിവൈ.എസ്‌പി. ജയരാജ്, സൗത്ത് സബ് ഇൻസ്‌പെക്ടർ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സബ് ഇൻസ്‌പെക്ടർ ചന്ദ്രബാബു, സിവിൽ പൊലീസ് ഓഫീസർമാരായ വിജു, വിഷ്ണു, ജോജോ, അംബീഷ്, അഗസ്റ്റിൻ ലോറൻസ്, നന്ദു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



