തിരുവനന്തപുരം: സംരംഭകത്വം വളർത്തുന്നതിനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ അക്കാദമിക- വ്യാവസായിക സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് വിദഗ്ദ്ധർ. കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ 'അക്കാദമിക സമൂഹവും വ്യവസായ മേഖലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ പങ്ക്' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഇക്കാര്യം ഉയർന്നുവന്നത്. അക്കാദമിക സമൂഹം, വ്യവസായം, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ മുതലായവയെ സംയോജിപ്പിച്ചുള്ള സുസ്ഥിര സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ആവശ്യമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള നൂതന ഉത്പന്നങ്ങൾ സാമൂഹിക പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന രീതിയിലേക്കു കൂടി മാറ്റിയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് പറഞ്ഞു. രാജ്യത്തെ ഉയർന്നുവരുന്ന മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി കേരളം മാറിയിട്ടുണ്ടെന്നും സർക്കാർ തലത്തിൽ ഇതിന് മികച്ച പ്രോത്സാഹനം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

പരമ്പരാഗത സോഫ്റ്റ് വെയർ ഐ.ടി രംഗങ്ങളിൽനിന്ന് മാറി ഇതര മേഖലകളിലേക്ക് കൂടി സ്റ്റാർട്ടപ്പുകൾ കടന്നുവരണമെന്ന് കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻകുബേറ്ററുകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സംയോജിപ്പിച്ചുള്ള ആവാസവ്യവസ്ഥയാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരണമെന്നും ഗവേഷണാനന്തര ഉല്പന്നങ്ങളെ വാണിജ്യവത്കരിക്കാനുള്ള ചുമതല വ്യവസായ മേഖല ഏറ്റെടുക്കേണ്ടതുണ്ടെന്നും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ആഗോളതലത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന ഉല്പന്നങ്ങൾ സർവകലാശാലകളുടേയും കോളേജുകളുടേയും നേതൃത്വത്തിൽ നിർമ്മിക്കാനുള്ള പദ്ധതി സ്റ്റാർട്ടപ്പ് മിഷൻ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നും ഇത്തരം ഉല്പന്നങ്ങൾക്ക് ഇന്ത്യക്കു പുറത്തും വിപണി കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതിൽ കെഎസ് യുഎമ്മിന് നിർണായക പങ്കുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. എ.പി ഇന്നൊവേഷൻ സൊസൈറ്റി സിഇഒ ഡോ. അനിൽ ടെന്റു മോഡറേറ്റർ ആയിരുന്നു.