- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസാദിന്റെ സിബിൽ സ്കേർ 812; കർഷകൻ വായ്പയ്ക്കായി തങ്ങളെ സമീപിച്ചില്ലെന്ന വാദഗതികളാണ് മൂന്നുബാങ്കുകൾ പറഞ്ഞത്; വിശദമായ പരിശോധന ആവശ്യമെന്ന് മന്ത്രി പി പ്രസാദ്
ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന് ഉയർന്ന സിബിൽ സ്‌കോർ ഉണ്ടായിട്ടും വായ്പ നിഷേധിച്ചത് അന്വേഷിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പ്രസാദ് വായ്പയ്ക്കായി ചെന്നില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. പ്രാഥമികമായി ബാങ്കുകളുടെ ഈ വാദം പൂർണമായി വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് കൃഷിമന്ത്രി പറഞ്ഞു.
ആലപ്പുഴ കലക്ടറേറ്റിൽ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസാദിന്റെ സിബിൽ സ്‌കോർ 812 ആണ്. ഇത് ഉയർന്ന സ്‌കോറാണ്. ഇത്ര ഉയർന്ന സിബിൽ സ്‌കോർ ഉണ്ടായിട്ടും വായ്പ നിഷേധിച്ചത് സർക്കാർ പരിശോധിക്കും. കർഷകൻ കെജി പ്രസാദ് വായ്പയ്ക്കായി സമീപിച്ച മൂന്നു ബാങ്കുകളുമായും സംസാരിച്ചു. പിആർഎസ് വായ്പയുടെ പേരിൽ കർഷകർക്ക് മറ്റു വായ്പകൾ നിഷേധിക്കുന്നില്ലെന്നാണ് ബാങ്കുകൾ യോഗത്തിൽ നിലപാടെടുത്തത്.
മൂന്നു ബാങ്കുകൾ വായ്പ നിഷേധിച്ചതായാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഇതേപ്പറ്റി സമഗ്രമായും ഗൗരവകരവുമായി സർക്കാർ അന്വേഷണം നടത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു ബാങ്കുകളോടും ചോദിച്ചിരുന്നു. തങ്ങളെ സമീപിച്ചില്ലെന്ന വാദഗതികളാണ് ബാങ്ക് പറഞ്ഞത്. ഈ വാദഗതികളെ സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ല. അങ്ങനെ സമീപിക്കാതെ ഒരാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതുമെന്ന് കരുതുന്നില്ല. കർഷകന്റെ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ വിശ്വസിക്കുന്നത്.
പിആർഎസ് വായ്പ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിഭാഗവുമായി ചർച്ച ചെയ്യാമെന്ന് ബാങ്കുകൾ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിന് എസ്എൽബിസി കൺവീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾ കർഷക വിരുദ്ധ സമീപനം സ്വീകരിക്കരുത്. സിബിൽ സ്‌കോറിന്റെ പ്രശ്നം പറഞ്ഞ് ബാങ്കുകൾ കർഷകനെ ബുദ്ധിമുട്ടിക്കുന്ന സമീപനം തിരുത്തണം. കർഷകന് പ്രശ്നമുണ്ടാക്കാത്ത തരത്തിൽ പിആർഎസ് വായ്പ പരിഗണിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
നിലവിൽ പിആർഎസിന്റെ പേരിൽ കേരളത്തിലെ ഒരു ബാങ്കിലും തിരിച്ചടവ് മുടങ്ങുന്ന ഒരു കുടിശ്ശികയായി നിൽക്കുന്നില്ലെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. ഇക്കാര്യം ബാങ്കുകൾ തന്നെ പറഞ്ഞതാണ്. എസ്എൽബിസി കൺവീനറായ കാനറാ ബാങ്ക് ജനറൽ മാനേജർ അടക്കമുള്ളവർ നൽകിയ കണക്ക് അനുസരിച്ചും, നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നതും ശരിയാണെന്ന് വ്യക്തമായി. 2024 മെയ് മാസം മാത്രമേ തിരിച്ചടവിന്റെ പ്രശ്നം വരുന്നുള്ളൂ എന്നും മന്ത്രി പറഞ്ഞു.




