തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ മുഴുവൻ ചുമതലയലും അദ്ധ്യാപകരുടെ മേൽ വെച്ചുകെട്ടാൻ സർക്കാർ നീക്കം. ഉച്ചഭക്ഷണത്തിനു സർക്കാർ ഫണ്ട് ലഭിക്കാൻ വൈകിയാൽ പലിശ രഹിത വായ്പ ലഭ്യമാക്കുകയാണ് പ്രഥമാധ്യാപകർ ചെയ്യേണ്ടത്. മാത്രമല്ല ഈ തുകയുടെ മുഴുവൻ ഉത്തരവാദിത്തം പ്രഥമാധ്യാപകർക്കായിരിക്കുമെന്നും സർക്കാർ പറയുന്നു. ഈ സർക്കുലറിനെതിരെ അദ്ധ്യാപകർക്കിടയിൽ അമർഷം പടരുകയാണ്.

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിച്ചു ബാധ്യതകൾ മുഴുവനും അദ്ധ്യാപകരുടെ ചുമലിൽ വയ്ക്കാനാണ് നീക്കം. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രഥമാധ്യാപക സംഘടന ഹൈക്കോടതിയെ സമീപിക്കും. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 30നകം സമിതിയെ നിയോഗിക്കണമെന്ന സർക്കുലറാണ് അദ്ധ്യാപകർക്കിടയിൽ അമർഷം പടർത്തുന്നത്. ആരെങ്കിലും ക്രമക്കേട് നടത്തിയാൽ പ്രഥമാധ്യാപകർ കുടുങ്ങുകയും ചെയ്യും.

ഉച്ചഭക്ഷണത്തിനു സർക്കാരിന്റെ ഫണ്ട് ലഭിക്കാൻ വൈകിയാൽ സംരക്ഷണ സമിതി ഇടപെട്ടു രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, പൗരപ്രമുഖർ എന്നിവരിൽ നിന്നു പലിശ രഹിത വായ്പ വാങ്ങാമെന്നതാണു സർക്കുലറിലെ പ്രധാന വ്യവസ്ഥ. ഉച്ചഭക്ഷണം മെച്ചപ്പെട്ടതാക്കാനും പിരിവെടുക്കണം. ഇങ്ങനെ വാങ്ങുന്ന തുകയുടെ ഉത്തരവാദി പ്രഥമാധ്യാപകർ ആയിരിക്കും.

സസ്‌പെൻഷനും വിരമിക്കുമ്പോഴുള്ള കുരുക്കുകളുമൊക്കെ കണക്കിലെടുത്താണ് അദ്ധ്യാപകർ പ്രതിഷേധിക്കുന്നത്. വായ്പ എടുത്തശേഷം പ്രഥമാധ്യാപകൻ വിരമിക്കുകയോ സ്ഥലംമാറുകയോ ചെയ്താലുള്ള സങ്കീർണതകളുമുണ്ട്. ഉച്ചഭക്ഷണത്തിനു വേണ്ടി സംസ്ഥാനം ഈ വർഷം ചെലവഴിച്ചത് 227.57 കോടി രൂപയാണ്. സർക്കുലറിനെതിരെ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി ജി.സുനിൽ കുമാറും അറിയിച്ചു.