കുടയത്തൂർ: ജല അഥോറിറ്റിയുടെ കണക്ഷൻ ഇല്ലാത്ത സർക്കാർ സ്‌കൂളിന് വെള്ളക്കരമടയ്ക്കാത്തതിന് ജപ്തി നോട്ടീസ്. ജല അഥോറിറ്റിയാണ് കുടയത്തൂർ വില്ലേജ് ഓഫീസർ മുഖേന മുട്ടം ഗവ.ഹൈസ്‌കൂൾ പ്രഥമാധ്യാപികയ്ക്ക് ജപ്തി നോട്ടീസ് നൽകിയത്. 5.59 ലക്ഷം രൂപ ഒടുക്കിയില്ലെങ്കിൽ ജപ്തി നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസ്.

എന്നാൽ ഈ സ്‌കൂളിൽ പത്ത് വർഷത്തിലേറെയായി വാട്ടർ കണക്ഷൻ ഇല്ല. സ്‌കൂളിൽ 10 വർഷത്തിലേറെയായി കിണർവെള്ളമാണ് ഉപയോഗിക്കുന്നത്. മുമ്പ് വാട്ടർ കണക്ഷൻ എടുത്തതിന്റെ രേഖകളൊന്നും സ്‌കൂളിലില്ല. ഇതേ കാമ്പസിലുള്ള ഹയർ സെക്കൻഡറി സ്‌കൂളിനും ജല അഥോറിറ്റി കണക്ഷനില്ല. കുഴൽക്കിണറിൽനിന്നാണ് വെള്ളം എടുക്കുന്നത്.

ജപ്തി നോട്ടീസ്് നൽകിയിട്ട് മാസങ്ങളായെങ്കിലും തുടർനടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വില്ലേജ് ഓഫീസർ പറയുന്നു. വിവരം ജില്ലാപഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജല അഥോറിറ്റിക്ക് കത്ത് നൽകിയെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ജല അഥോറിറ്റി അധികൃതരുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ല.