കോട്ടയം: മൃഗത്തിന് ഗ്യാസ് അനസ്‌തേഷ്യ നൽകിയുള്ള ശസ്ത്രക്രിയ വിജയം. തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടിസ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിലാണ് ഗ്യാസ് അനസ്‌തേഷ്യ നൽകി മയക്കി കുരങ്ങിന്റെ സ്തനാർബുദമുഴ നീക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത് പരീക്ഷിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ 22 വയസ്സുള്ള മാളു എന്ന ബംഗാൾ കുരങ്ങിനാണ് വെള്ളിയാഴ്ച ഒരുമണിക്കൂർ ശസ്ത്രക്രിയ നടത്തിയത്.

ഈ കുരങ്ങിന് രണ്ട് മാസം മുന്പാണ് സ്തനാർബുദലക്ഷണങ്ങൾ കണ്ടത്. ബംഗാൾ കുരങ്ങിന്റെ ആയുർദൈർഘ്യം 20-25 വയസ്സാണ്. പ്രായംകൂടി കണക്കിലെടുത്താണ് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഗ്യാസ് അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയത്. സർജൻ ഡോ. ആർ. അനൂപിന്റെ നേതൃത്വത്തിൽ, ഡോക്ടർമാരായ വി. ലക്ഷ്മി, നികേഷ് കിരൺ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജേക്കബ് അലക്‌സാണ്ടർ തുടങ്ങിയവർ ചേർന്നായിരുന്നു ശസ്ത്രക്രിയ. 5.40 കിലോഗ്രാം തൂക്കമുള്ള കുരങ്ങിൽനിന്ന് 64 ഗ്രാം ഭാരമുള്ള മുഴയാണ് നീക്കിയത്.

സ്തനാർബുദം മറ്റ് ഭാഗങ്ങളിേലക്കും പടർന്നിരുന്നു. വയറിലെ മറ്റൊരു മുഴയും നീക്കി. കുരങ്ങ് സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഉച്ചയോടെ തീറ്റ തിന്നുതുടങ്ങി. മുറിവ് വലിച്ചുകീറാനുള്ള സാധ്യത മുന്നിൽക്കണ്ട് 24 മണിക്കൂറും രണ്ട് പേർ നിരീക്ഷിക്കുന്നു. കളിപ്പാട്ടങ്ങൾ കൊടുത്തും നഖങ്ങളിൽ കടുത്ത നിറമുള്ള നെയിൽ പോളീഷിട്ടും ശ്രദ്ധതിരിക്കാനും ശ്രമിക്കുന്നു.