തിരുവനന്തപുരം: റിമാൻഡ് തടവുകാരനെ പൊലീസുകാർ ജയിലിൽ വെച്ച് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായ പരാതി കോടതിക്ക് മുന്നിൽ. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ ലിയോൺ ജോൺസൺ ആണ് പരാതിയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരേ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട കേസിലെ പ്രതിയാണ് ലിയോൺ. മറ്റ് നിരവധി കേസുകളിലും പ്രതിയാണ് ഇയാൾ.

ഉദ്യോഗസ്ഥർ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചുവെന്നും ചികിത്സ നിഷേധിച്ചെന്നും കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. ജയിലിന്റെ വാച്ച് ടവറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൂന്ന് ജീവനക്കാർ ക്രൂരമായി മർദിക്കുകയും ചൂടുവെള്ളം ഒഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം പുറത്ത് പറഞ്ഞാൽ കൂടുതൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഷർട്ട് ധരിക്കാതെയാണ് തിങ്കളാഴ്ച ഇയാൾ കോടതിയിൽ എത്തിയത്. വിഷയത്തിൽ നേരത്തെ, ലിയോണിന്റെ ബന്ധുക്കളും മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ആരോപണം ജയിൽ അധികൃതർ ഇക്കാര്യം നിഷേധിക്കുകയാണ്.

പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടത് ചോദ്യംചെയ്തതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത് എന്നാണ് ആരോപണം. നേരത്തെ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടിരുന്നു.

നാല് മാസമായി ലിയോൺ ജോൺസൺ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ഇക്കഴിഞ്ഞ 10-നായിരുന്നു സംഭവം. സാരമായി പൊള്ളലേറ്റ ലിയോൺ ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും സൂചനയുണ്ട്.