തൃശ്ശൂർ: തൃശൂരിൽ പാവറട്ടിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൈക്കുഞ്ഞടക്കമുള്ള മൂന്നുപേർ കാനയിൽ വീണ് അപകടം. പണിപൂർത്തിയാക്കാത്ത, തുറന്നുകിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാനയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഹോദരനും സഹോദരിയും സഹോദരിയുടെ കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂർ പാലുവായി സ്വദേശികളാണ് മൂവരും. ബൈക്ക് നിർത്തിയ സമയത്ത് സമീപമുണ്ടായിരുന്ന കുഴിയിൽ കാലുകുത്തിയതോടെ നിയന്ത്രണം വിട്ട് മൂവരും കാനയിലേക്ക് വീഴുകയായിരുന്നു. കാനയുടെ അകത്തേക്കാണ് യുവതി വീണത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് യുവതി ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പാവറട്ടി സെൻട്രലിൽ വികസനവുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇരുഭാഗത്തും കാന നിർമ്മിച്ചിട്ടുണ്ട്. ഇതിനോടുചേർന്ന് നികത്താത്ത കുഴിയും ഉണ്ട്. ഇതാണ് അപകടത്തിന് ഇടയാക്കിയത്. കഴിഞ്ഞ പത്ത് ദിവസമായി സ്ലാബ് ഇടാതെ തുറന്ന നിലയിലാണ് കാനയുള്ളത്. പി.ഡബ്ല്യൂ.ഡിയാണ് ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത്.