പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ. ട്രെയിൻ മാർഗ്ഗം ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും പ്രതികളും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസവും 81 കിലോഗ്രാം കഞ്ചാവുമായി 6 അന്യ സംസ്ഥാന തൊഴിലാളികൾ പാലക്കാട് പൊലീസിന്റെ പിടിയിലായിരുന്നു.

ഇന്ന് 13.528 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത് ശശികാന്ത്ഭിർ, നരേന്ദ്രമാലി, ശുഭന്മാലി എന്നിവരാണെന്ന് പൊലിസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.