കണ്ണൂർ: കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. 6.185 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.. കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എളയാവൂർ ശ്രീഭരതക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിനകത്തു വെച്ചും കെ എൽ 47ജി 8372 കാറിൽ നിന്നും കഞ്ചാവുമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ എളയാവൂർ കോർപറേഷൻ പരിധിയിലെ മുണ്ടയാട് സ്വദേശി രഞ്ജിത്ത് (26), കല്യാശ്ശേരി യു.പി സ്‌കൂളിന് സമീപത്തെ കാക്കാട്ട് വളപ്പിൽ മുഹമ്മദ് ഷാനിഫ്(32)നെയുമാണ് തിങ്കളാഴ്‌ച്ച രാവിലെഅറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽനിന്നും വാഹനത്തിൽ നിന്നുമായി 6.185 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാക്കളെന്ന് എക്സൈസ് പറഞ്ഞു. നേരത്തെയും നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായ പ്രതികൾ. പിടിയിലായ രഞ്ജിത്ത് തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ എം.ഡി.എം.എ കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസിലെ പ്രതിയാണ്.

മുഹമ്മദ് ഷാനിദ് കാപ്പ പ്രകാരം നാട് നടത്തിയ പ്രതിയാണ്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസ് പരിധിയിൽ എം.ഡി.എം.എ പിടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടയിലാണ് പ്രതിപിടിയിലാകുന്നത്. ഇവർ കഞ്ചാവ് കടത്തി കൊണ്ടുവന്ന വാഹനവും തൊണ്ടിമുതലുകളും കസ്റ്റഡിയിലെടുത്ത് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ എൻ.ഡി പി.എസ് പ്രകാരംകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ യുവാക്കളെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.