പെരുമ്പാവൂർ: കെഎസ്ആർടിസി കണ്ടക്ടർ സ്‌കൂൾ വിദ്യാർത്ഥിയെ പേന കൊണ്ടു കുത്തിയതായി പരാതി. യാത്രയ്ക്കിടെ ബസ് പെരുമ്പാവൂർ ടൗണിൽ നിന്നു സ്റ്റാൻഡിലേക്കു പോകുമ്പോഴാണു സംഭവം. മൂക്കിനു മുകളിൽ മുറിവേറ്റ പുല്ലുവഴി ജയകേരള സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി മുഹമ്മദ് അൽസാബിത്ത് (17) താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ പരാതിയിൽ കക്ടർ പുല്ലുവഴി മോളത്ത് വിമലിനെതിരെ പൊലീസ് കേസെടുത്തു.

പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് ആലുവ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ രാവിലെ 8.30ഓടെയാണ് സംഭവം. ഡിപ്പോയിൽ ബസ് നിർത്തിയതിനു ശേഷം കണ്ടക്ടർ വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചതിനെ തുടർന്നു പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് പരുക്കേറ്റ വിദ്യാർത്ഥിയെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിപ്പോയിൽ നിർത്തിയിട്ട മറ്റൊരു ബസിൽ വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുകയും ചെയ്തു.

അതേസമയം മനഃപൂർവം വിദ്യാർത്ഥിയെ കുത്തിയതല്ലെന്നും വിദ്യാർത്ഥികൾ തന്നെ ആക്രമിച്ചപ്പോൾ പേന അറിയാതെ കുട്ടിയുടെ മൂക്കിൽ കൊണ്ടതാണെന്നും കണ്ടക്ടർ വിമൽ പറഞ്ഞു. നല്ല തിരക്കുള്ള ബസിൽ ഒതുങ്ങി നിൽക്കാൻ പറഞ്ഞപ്പോൾ ഒരു വിദ്യാർത്ഥി തന്റെ നെഞ്ചിൽ ഇടിച്ചെന്നും ഇതു തടയാൻ ശ്രമിച്ചപ്പോൾ പരാതിക്കാരനായ വിദ്യാർത്ഥിയുടെ മുഖത്ത് പേന കൊള്ളുകയുമായിരുന്നെന്നും വിമൽ വിശദീകരിച്ചു. എക്‌സ്‌റേ എടുത്തപ്പോൾ തന്റെ നെഞ്ചിനു ചതവുണ്ടെന്നു കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.