കൊച്ചി: കർഷകർക്ക് ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിൽ വിസ കച്ചവടം കൊഴുകൊഴുക്കുന്നു. ഇന്ത്യയിൽനിന്നുള്ള ഒരുലക്ഷത്തോളംപേർക്ക് കാർഷിക മേഖലയിൽ തൊഴിൽ വിസ നൽകുമെന്ന ഇസ്രയേൽ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിൽ ഓൺലൈനിൽ വിസ കച്ചവടവുമായി തട്ടിപ്പു ംഘങ്ങൾ രംഗത്ത് എത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാർഥികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.അഞ്ചുലക്ഷംരൂപ മുതൽ മുടക്കിയാൽ ഇസ്രയേലിൽ തൊഴിലവസരമുണ്ടെന്നും ചെറിയ മുതൽമുടക്കിൽ എത്തിച്ചേരാൻ കഴിയുമെന്നുമാണ് വാഗ്ദാനം.

സംഘർഷത്തെത്തുടർന്ന് ഇസ്രയേലിലെ ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ ചുവടുപിടിച്ച് 25-39 വരെ പ്രായമുള്ളവർക്ക് എട്ടുമണിക്കൂർ ജോലിയും ഒന്നേകാൽലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് പരസ്യം.