- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞു; ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് മുറുക്കി; സിനിമാ സ്‌റ്റൈൽ മോഷണത്തിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മുക്കം മാങ്ങാപ്പൊയിലിൽ പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞും ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് മുറുക്കിയും സിനിമാ സ്‌റ്റൈലിൽ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പെട്രോൾ പമ്പിൽ നിന്നും പണം അപഹരിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പടെ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശികളാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ സിനിമാ സ്‌റ്റൈൽ മോഷണം. പുലർച്ചെ രണ്ടരയോടെ പെട്രോൾ അടിക്കാനെന്ന വ്യാജേന പമ്പിലെത്തിയ മൂന്ന് പേർ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. രണ്ട് ജീവനക്കാർ മാത്രമായിരുന്നു സംഭവസമയം പമ്പിൽ ഉണ്ടായിരുന്നത്.
മുളക് പൊടി വിതറിയും മുണ്ട് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയുമാണ് സംഘം അയ്യായിരത്തോളം രൂപയുമായി കടന്ന് കളഞ്ഞത്. സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി സാബിത്തലി, അനൂപ് എന്നീ യുവാക്കളും പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായത്. വയനാട് സ്വദേശിയായ ഒരാൾ കൂടി സംഭവത്തിൽ
പിടിയിലാകാനുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായവർ നേരത്തെ കഞ്ചാവ് അടിപിടിക്കേസുകളിലും ഉൾപ്പെട്ടവരാണ്. മോഷണ രീതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പെട്രോൾ പമ്പുകളിൽ തുടർച്ചയായി മോഷണങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു.




