ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാൻസർ നിർണയ പരിശോധനയ്ക്കായി എത്തിയ ആശാ പ്രവർത്തകയ്ക്ക് പൊള്ളലേറ്റ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 337 വകുപ്പ് പ്രകാരമാണ് ഡോക്ടർ ലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തത്. പത്തോളജി ലാബിലെ അസറ്റിക് ആസിഡ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആരോഗ്യവിദഗ്ധരുടെ റിപ്പോർട്ടും പൊലീസ് തേടി. ആരോഗ്യവകുപ്പ് വകുപ്പു തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. മണ്ണഞ്ചേരി സ്വദേശിനിക്കാണ് ഗർഭാശയത്തിലും ജനനേന്ദ്രിയത്തിലും പരിശോധനയ്ക്കിടെ പൊള്ളലേറ്റത്. സൗജന്യ കാൻസർ നിർണയത്തിനുള്ള കാവൽ പദ്ധതിയുടെ ഭാഗമായി ബയോപ്സി എടുക്കാനെത്തിയതായിരുന്നു ആശാപ്രവർത്തക. കഴിഞ്ഞമാസം 12 നായിരുന്നു സംഭവം. ബയോപ്സി പരിശോധനയ്ക്ക് സാമ്പിൾ എടുക്കുമ്പോഴായിരുന്നു പൊള്ളലേൽക്കുന്നത്.

ആസിഡ് വീണാണ് പൊള്ളലേൽക്കുന്നത്. ഫോൺ ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടർ പരിശോധന നടത്തിയതെന്ന് പൊലീസിന്റെ എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പൊള്ളലേറ്റ കാര്യം സൂചിപ്പിച്ചപ്പോൾ സാരമില്ല, ഉടനെ മാറിക്കൊള്ളുമെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർ അശ്രദ്ധമായി പെരുമാറിയതുമൂലം ജനനേന്ദ്രിയത്തിലും ഗർഭപാത്രത്തിലും പൊള്ളലേറ്റതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.