- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും ദുഷ്ടനും ക്രൂരനും മനുഷ്യത്വമില്ലാത്തവനുമായ ഭരണാധികാരി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; നമ്പർ വൺ ക്രിമിനലാണ് പിണറായി എന്ന് ബൽറാം; ഡിവൈഎഫ്ഐയെ ന്യായികരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം
കോഴിക്കോട്: കണ്ണൂരിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ.യെ ന്യായികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്‌ഐ അക്രമിക്കുകയായിരുന്നില്ല ജീവൻരക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും രംഗത്ത് വന്നത്.
ഇത്രയും ദുഷ്ടനും ക്രൂരനും കണ്ണിൽചോരയില്ലാത്തവനും മനുഷ്യത്വമില്ലാത്തവനുമായ ഭരണാധികാരി കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നമ്പർ വൺ ക്രിമിനലാണ് പിണറായി എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം.
'വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ പ്രതിയായ ആളാണ് സംസ്ഥാന മുഖ്യമന്ത്രി. ഇയാളിൽനിന്ന് ഇതിനേക്കാൾ മാന്യമായ പ്രതികരണമൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഇത്രയും ദുഷ്ടനും ക്രൂരനും കണ്ണിൽചോരയില്ലാത്തവനും മനുഷ്യത്വമില്ലാത്തവനുമായ ഭരണാധികാരി കേരളത്തിൽ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രികൂടിയാണ് ഇദ്ദേഹം. തള്ളിമാറ്റാൻ ശ്രമിച്ചെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. പിണറായി വിജയനെ നാളെ ഇങ്ങനെയാണോ ജനങ്ങൾ തള്ളിമാറ്റേണ്ടത്?', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'യാതൊരു ഉത്തരവാദിത്തവും ഉളുപ്പുമില്ലാതെ ഡിവൈഎഫ്ഐക്കാരനെ ന്യായീകരിക്കുകയാണ്. ആക്രമണത്തിന് മുഖ്യമന്ത്രിയുടെ ആഹ്വാനം കൂടിയുണ്ടെന്ന് ഞങ്ങൾ സംശയിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായി സമരംചെയ്താൽ സമരക്കാരെ കൊല്ലാനുള്ള നിർദ്ദേശം ഡിവൈഎഫ്ഐ. ഗുണ്ടകൾക്ക് കൊടുത്തിരിക്കുകയാണ്. കേരള പൊലീസിന് ആർജവവും അഭിമാനബോധവും ഏതെങ്കിലും തരത്തിൽ നിഷ്പക്ഷത ചമയാൻ ആഗ്രഹവുമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി വധശ്രമത്തിന് കേസെടുക്കണം. മുഖ്യമന്ത്രിയുടെ ആഹ്വാനത്തെത്തുടർന്നാണ് ഡിവൈഎഫ്ഐക്കാരൻ ഈ പേക്കൂത്ത് നടത്തുന്നത്', രാഹുൽ കൂട്ടിച്ചേർത്തു.
'എന്നും സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള, എന്നും അക്രമകാരികളെ സംരക്ഷിച്ചിട്ടുള്ള, ഏത് ക്രൂരമായ അക്രമത്തേയും ന്യായീകരിച്ചിട്ടുള്ള, ഒരു തേർഡ് റേറ്റ് കമ്മ്യൂണിസ്റ്റ്', എന്നായിരുന്നു വി.ടി. ബൽറാമിന്റെ പ്രതികരണം. ഡിവൈഎഫ്ഐ. മിലീഷ്യയെ കയറൂരി വിട്ട് കേരളത്തെ കലാപഭൂമിയാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദി പിണറായി വിജയനാണ്. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ യഥാർഥ പിൻഗാമിയാണ് താനെന്ന് ഓരോ ദിവസവും പിണറായി വിജയൻ തെളിയിക്കുകയാണെന്നും ബൽറാം കുറ്റപ്പെടുത്തി.




