- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് വാദിച്ച് കൊണ്ടിരുന്ന യുവഅഭിഭാഷകനെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നീതിയല്ല; താൽക്കാലിക മജിസ്‌ട്രേറ്റുമാരെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം ബാർ അസോസിയേഷൻ
കൊച്ചി : അടിസ്ഥാന നിയമാവബോധം പോലുമില്ലാത്ത താത്കാലിക മജിസ്‌ട്രേറ്റുമാരെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം ബാർ അസോസിയേഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തിരൂരിൽ കോടതിയിൽ കേസ് വാദിച്ച് കൊണ്ടിരുന്ന യുവഅഭിഭാഷകനെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യാൻ താത്കാലിക മജിസ്‌ട്രേറ്റ് ഉത്തരവിട്ടതിനെതിരെയുള്ള പ്രസ്താവനയിലാണ് അസോസിയേഷൻ ഈ ആവശ്യം ഉന്നയിച്ചത്.
നിയമത്തിൽ യാതൊരു പരിശീലനവും ലഭിക്കാത്ത ഹൈക്കോടതിയിലെ ജീവനക്കാരെ താത്കാലിക മജിസ്‌ട്രേറ്റായി നിയമിക്കുന്നത് ഹൈക്കോടതിയാണ്. ഹൈക്കോടതി ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായി പെരുമാറിയ തിരൂരിലെമജിസ്‌ട്രേറ്റിനെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിലെ അഭിഭാഷകർ ചൊവ്വാഴ്ച കോടതി ബഹിഷ്‌കരിച്ചിരുന്നു.
ജില്ലാ കോടതിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് അഖ്ബർ, പ്രസിഡന്റ് മത്തായി മുതിരേന്തി എന്നിവർ സംസാരിച്ചു. പിന്നീട് നടന്ന പ്രതിഷേധ പ്രകടനത്തിൽ സീനിയർ - ജൂനിയർ വത്യാസമില്ലാതെ നൂറു കണക്കിന് അഭിഭാഷകർ പങ്കെടുത്തു. പ്രതിഷേധ പ്രകടനത്തിന് അസോസിയേഷൻ ഭാരവാഹികളായ ജെറി സെബാസ്റ്റ്യൻ, ജിയ, ഫ്രാൻസിസ് അസീസി, ദേവി പ്രതാപൻ, സന്ദീപ്, പ്രസൂൺ എന്നിവർ നേതൃത്വം നൽകി. കൊച്ചിയിലെയും കളമശ്ശേരിയിലെയും തൃപ്പൂണിത്തുറയിലെയും ഞാറക്കലിലെയും കോടതി നടപടികളിൽ നിന്നും ചൊവ്വാഴ്ച അഭിഭാഷകർ വിട്ടു നിന്നു.




