നിലയ്ക്കൽ: ശബരിമല ദർശനത്തിനായി പമ്പയിൽ എത്തി കാണാതായ തമിഴിനാട് സ്വദേശിയായ ഒമ്പതു വയസ്സുകാരിയെ ബസിൽ നിന്നും കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടക സംഘം ആന്ധ്ര സർക്കാർ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസിലാണ് പമ്പയിലെത്തിയത്. എല്ലാവരും ബസിൽ നിന്നും ഇറങ്ങിയെങ്കിലും കുട്ടിയെ മറന്നു പോവുകയായിരുന്നു. കുട്ടിയാവട്ടെ ബസിൽ കിടന്ന് സുഖമായി ഉറങ്ങുകയും ചെയ്തു.

ഇലവുങ്കൽ സേഫ് സോണിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് അട്ടത്തോടിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ എംവിഡിയുടെ വണ്ടിയിൽ പമ്പയിലെത്തിച്ച് കുട്ടിയെ രക്ഷിതാക്കൾക്കു കൈമാറി. ഇന്നലെ രാവിലെ 10 മണിയോടെയാണ് കാണാതായ മാളികപ്പുറവും പിതാവും ബന്ധുക്കളും അടങ്ങിയ സംഘം ദർശനത്തിനു പോകാൻ പമ്പയിൽ എത്തിയത്. പമ്പയിൽ സംഘം വിരി വയ്ക്കുന്നതിനിടെയാണു കുട്ടിയെ നഷ്ടപ്പെട്ട വിവരം ബന്ധുക്കൾ അറിഞ്ഞത്.

ഇതിനോടകം തീർത്ഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം ബസ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്കു പോയിരുന്നു. ഉടൻ ബന്ധുക്കൾ പമ്പ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.തുടർന്ന് പൊലീസ് വയർലെസിൽ ബസിന്റെ നമ്പറടക്കം സന്ദേശം കൈമാറി. അപ്പോഴേക്കും ബസ് തിരികെ പോയിരുന്നു. ഈ സമയം തീർത്ഥാടന പാതയിലുണ്ടായിരുന്ന ഇലവുങ്കൽ സേഫ് സോണിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ആർ.രാജേഷ്, അനിൽ കുമാർ എന്നിവർ ബസ് തടഞ്ഞു നിർത്തി.

ഈ സമയം പമ്പയിൽ നിന്നു 15 കിലോമീറ്ററോളം അകലെ അട്ടത്തോടിനു സമീപം ബസ് എത്തിയിരുന്നു. ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ എല്ലാവരെയും പമ്പയിൽ ഇറക്കിയെന്നായിരുന്നു മറുപടി. തുടർന്ന് ഇരുവരും ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ ഏറ്റവും പിന്നിലത്തെ സീറ്റിൽ കിടന്നുറങ്ങിയ കുഞ്ഞു മാളികപ്പുറത്തെ കണ്ടെത്തി. കുട്ടി കിടന്ന സീറ്റിനു സമീപത്തേക്കു വെയിലേൽക്കാതിരിക്കാൻ തുണി കെട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആരുടെയും ശ്രദ്ധയിൽ പെട്ടതുമില്ല.

പുറമേ നിന്നു നോക്കിയാൽ സീറ്റിൽ കിടക്കുന്നവരെ പെട്ടെന്നു കാണാൻ കഴിയാത്ത സാഹചര്യമായിരുന്നെന്ന് ആർ.രാജേഷ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയ വിവരം ഉടൻ ഇരുവരും പമ്പ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. ഇതിനു ശേഷം മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഇരുവരും പമ്പയിൽ എത്തി മാളികപ്പുറത്തെ രക്ഷിതാക്കളെ ഏൽപിച്ചു.