കിടങ്ങൂർ: മൂന്നു കടകളിൽ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തിയിരുന്ന 34 പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. ജില്ല സപ്ലൈ ഓഫിസർ സ്മിത ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിടങ്ങൂരിലെ മൂന്നു കടകളിൽ നിന്നാണ് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തത്.

സജി സ്റ്റോഴ്‌സിൽ നിന്ന് 20 സിലിണ്ടറുകളും മറ്റത്തിൽ ഏജൻസീസിൽ നിന്ന് 10 സിലിണ്ടറുകളും വിനായക ഹോട്ടലിൽ നിന്ന് 4 സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.സിലിണ്ടറുകൾ പാലായിലെ ഗ്യാസ് ഏജൻസിക്കു കൈമാറി. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സിലിണ്ടറുകൾ പിടിച്ചെടുത്തതു സംബന്ധിച്ച റിപ്പോർട്ട് കലക്ടർക്കു കൈമാറുമെന്നും തുടർന്ന് കലക്ടർ നടപടി സ്വീകരിക്കുമെന്നും ജില്ല സപ്ലൈ ഓഫിസർ സ്മിത ജോർജ് പറഞ്ഞു. കോട്ടയം താലൂക്ക് സപ്ലൈ ഓഫിസർ ജി.അഭിജിത്ത്, മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫിസർ സജിനി, റേഷനിങ് ഇൻസ്‌പെക്ടർമാരായ സിൽവി സാമുവൽ, ടോബിൻ ജേക്കബ്, സി.കെ.സൗമ്യ, എം.കെ.വിനോദ്, സാം മൈക്കിൾ, പൊലീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.