തിരുവനന്തപുരം: ഉപയോഗമില്ലാതായതോടെ റോഡ് റോളറുകൾ ലേലം ചെയ്യാൻ ഒരുങ്ങി പൊതുമരാമത്ത് വകുപ്പ്. ആധുനികയന്ത്രങ്ങളുടെ വരവോടെ ഇവ ഉപയോഗശൂന്യമാകുകയും ജീവനക്കാർക്ക് ജോലിയില്ലാതെ തന്നെ കോടികൾ ശമ്പളമായി നൽകേണ്ട ഗതികേടും വന്നതോടെയാണ് ഇവ ലേലം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.

ജീവനക്കാരെ റെസ്റ്റ് ഹൗസുകൾ ഉൾപ്പെടെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി നിയോഗിക്കുമെന്നു പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എൻജിനീയർ പറഞ്ഞു.
ആധുനികയന്ത്രങ്ങളുടെ വരവോടെ റോഡ്‌റോളറുകൾ ഉപയോഗശൂന്യമാകുകയും ജീവനക്കാർക്ക് ജോലിയില്ലാതെ തന്നെ കോടികൾ ശമ്പളം നൽകുകയും ചെയ്തുവെന്ന 2021ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.

റോഡ്‌സ് വിഭാഗത്തിൽ 24 ഡിവിഷനുകളിൽ എട്ടെണ്ണത്തിലെ പരിശോധനയിൽ തന്നെ 2014-19 കാലയളവിൽ ജോലിയില്ലാതെ ശമ്പളത്തിനു 18.34 കോടി രൂപ ചെലവഴിച്ചെന്നാണു സിഎജി കണ്ടെത്തൽ. പൊതുമരാമത്ത് വകുപ്പിൽ 2018 മെയ്‌ വരെ ഉണ്ടായിരുന്ന 187 റോഡ് റോളറുകളിൽ 140 എണ്ണവും പ്രവർത്തിക്കുന്നില്ല. എങ്കിലും 2019 വരെ 140 റോളർ ഡ്രൈവർമാരും 110 റോളർ ക്ലീനർമാരും അധികമായി ജോലി ചെയ്തു. ഇതിൽ 80 ഡ്രൈവർമാരുടെയും 60 ക്ലീനർമാരുടെയും തസ്തിക ഇല്ലാതാക്കിയെങ്കിലും ജീവനക്കാരെ നിലനിർത്തി. 2019 ഒക്ടോബറിലെ കണക്കനുസരിച്ച് 26 ഡ്രൈവർമാർക്കും 57 ക്ലീനർമാർക്കും പണിയില്ല.