കോട്ടയം: കെ.എസ്.ആർ.ടി.സി. ബസിന്റെ ഹെഡ് ലൈറ്റ് കാർ യാത്രക്കാരി അടിച്ചുതകർത്തു. തന്റെ വാഹനത്തിന്റെ കണ്ണാടിയിൽ തട്ടിയെന്നാരോപിച്ചാണ് യുവതി കെഎസ്ആർടിസിയുടെ ഹെഡ് ലൈറ്റുകൾ അടിച്ചു തകർത്തത്. പൊൻകുന്നം ചിറക്കടവ് തോണിപ്പാറ പുളിക്കൽ സുനുവാണ് (30) ബസിന്റെ ഹെഡ് ലൈറ്റ് തകർത്തത്. സുനുവിന്റെയും കാറിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെയും പേരിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

കോട്ടയം കോടിമത നാലുവരിപ്പാതയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസ് ഓവർടേക്കുചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽതട്ടി. ഈ സമയം ബസ് വേഗംകുറച്ചപ്പോൾ കാർ അതിന് മുൻപിൽ നിർത്തിയ ശേഷം സുനു പുറത്തിറങ്ങി ഡിക്കിയിൽനിന്ന് ജാക്കിലിവറെടുത്ത് ബസിന്റെ ഹെഡ്ലൈറ്റും പിന്നിലുള്ള ലൈറ്റുകളും അടിച്ചുതകർക്കുകയായിരുന്നു. തുടർന്ന് ഇവർ കാർ ഓടിച്ചുപോയി.

ഡ്രൈവർ, ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയി. കാറിന്റെ നമ്പർ സഹിതമുള്ള ചിത്രങ്ങൾ, ബസ് ഡ്രൈവർ എംപി.രാമചന്ദ്രനും കണ്ടക്ടർ പ്രശാന്ത് കുമാറും പൊലീസിന് കൈമാറി. ആലപ്പുഴ രജിസ്‌ട്രേഷനുള്ള കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. പൊൻകുന്നം സ്വദേശി പി.പി.ഇസ്മയിലിന്റേതാണ് കാർ. ബസ്‌ ൈഡ്രവറുടെ ഭാഗത്ത് തെറ്റില്ലെന്നും കാർ, ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കണ്ണാടിയിൽ ഉരഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു.