മാന്നാർ: ചെങ്ങന്നൂർ-മാന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽനിന്നു വഴിയിലേക്കു തെറിച്ചുവീണ് രണ്ടു വിദ്യാർത്ഥിനികൾക്കു പരിക്കേറ്റു. ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിനി വള്ളക്കാലി എബ്രഹാം വില്ലയിൽ ബിൻസി, പ്ലസ്ടു വിദ്യാർത്ഥിനി പാവുക്കര ഫാത്തിമാ മൻസിൽ ഫിദാ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരും പരുമല ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനൂർ തോപ്പിൽ ചന്തയ്ക്കു സമീപമുള്ള വളവിലാണ് അപകടം ഉണ്ടായത്. വാതിലടയ്ക്കാതെ ഓടിയ ബസ് വളവിൽ പെട്ടെന്ന് ബ്രേക്കുചെയ്തപ്പോഴാണ് ബസിൽനിന്നു റോഡിലേക്കു തെറിച്ചുവീണതെന്ന് പരിക്കു പറ്റിയ വിദ്യാർത്ഥിനി പറഞ്ഞു. പരിക്കേറ്റ കുട്ടികളിലൊരാളെ മാന്നാർ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്.

അംബിക എന്ന ബസ് ആണ് അപകടമുണ്ടായത്. ഡ്രൈവർ നിയന്ത്രിക്കുന്ന വാതിലാണ് ബസിനുള്ളത്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡുചെയ്യുന്നതിന് നടപടി തുടങ്ങിയൈന്ന് ആലപ്പുഴ ആർ.ടി.ഒ. സജി പ്രസാദ് അറിയിച്ചു. വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റടക്കം റദ്ദാക്കുമെന്നും വരുംദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ റോഡിൽ സ്ഥിരമായി സ്വകാര്യ ബസുകൾ വാതിൽ അടയ്ക്കാതെയാണ് സർവീസ് നടത്തുന്നത്.