- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രി കണ്ട ദൃശ്യമാണ് പറഞ്ഞത്; പരിക്കേറ്റിരുന്നെങ്കിൽ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കും'; മുഖ്യമന്ത്രിയുടെ 'ജീവൻരക്ഷാ പ്രവർത്തനം' പരാമർശത്തെ ന്യായീകരിച്ച് മന്ത്രിമാരായ പി. രാജീവും കെ. രാജനും
കണ്ണൂർ: പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ. പ്രവർത്തകർ തല്ലിച്ചതച്ച സംഭവത്തിൽ ഇടത് യുവജന സംഘടനയെ ന്യായികരിച്ച് ജീവൻരക്ഷാ പ്രവർത്തനമാണ് നടത്തിയതെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രിമാർ. മുഖ്യമന്ത്രി കണ്ടദൃശ്യമാണ് പറഞ്ഞതെന്ന് മന്ത്രിമാരായ പി. രാജീവും കെ. രാജനും പറഞ്ഞു.
'മുഖ്യമന്ത്രി കണ്ട ദൃശ്യമാണ് പറഞ്ഞത്. അങ്ങനെ ചാടാൻ അനുവദിക്കണമായിരുന്നോ. തടയാതിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. പരിക്കേറ്റിരുന്നെങ്കിൽ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കും', പി. രാജീവ് ചോദിച്ചു. മുന്നറിയിപ്പില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞത് മറ്റൊരു തരത്തിലല്ലെന്ന് കെ. രാജനും വിശദീകരിച്ചു.
അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അതുകൊണ്ടാണ് കണ്ണൂരിൽ ഡിവൈഎഫ്‌ഐക്കെതിരെ നടപടിയെടുത്തത്. ഇത്തരം കാര്യങ്ങൾ സംഭവിക്കരുതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭായോഗം തലശ്ശേരിയിൽ ചേരുന്നത് ചരിത്രസംഭവമാണെന്ന് ഇരുവരും പറഞ്ഞു. സെക്രട്ടേറിയറ്റ് തലശ്ശേരിയിലേക്ക് മാറുകയാണെന്നും ഇന്ന് ചരിത്രദിവസമാണെന്നും രാജീവ് പറഞ്ഞു. ക്യാബിനറ്റ് യോഗം തലശ്ശേരിയിൽ ചേരുന്ന എന്ന ചരിത്രസംഭവത്തിലേക്ക് പോവുകയാണെന്നായിരുന്നു കെ. രാജൻ പറഞ്ഞത്.
അതേസമയം ബസിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയവരുടെ ലക്ഷ്യം സംഘർഷം തന്നെയായിരുന്നെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആരുടേതാണ് ഗുണ്ടാ രീതിയെന്ന് ജനം മനസ്സിലാക്കും. ഒരു ഗുണ്ടാനേതാവിനെ ഇങ്ങനെ പറയാൻ സാധിക്കുവെന്ന് കെ.സുധാകരനെതിരെ എം.ബി.രാജേഷ് പറഞ്ഞു.
കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിൽ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതേതുടർന്നായിരുന്നു സംഘർഷം.
ഡിവൈഎഫ്ഐയുടേത് ജീവൻരക്ഷാപ്രവർത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അത് മാതൃകാപരമായിരുന്നെന്നും ആ രീതികൾ തുടർന്ന് പോകണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.




