കണ്ണൂർ: വധശ്രമം ആവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ പറഞ്ഞു. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ സി.പി. എം അക്രമത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാൻ സ്‌കൂൾ കുട്ടികളെ പൊരിവെയിലത്ത് നിർത്തിയപ്പോൾ ബാലാവകാശ കമ്മിഷൻ എവിടെ പോയി? മ്യൂസിയത്തിൽ വയ്‌ക്കേണ്ടത് ടൈം സ്‌ക്വയറിൽ മുഖ്യമന്ത്രി ഇരുന്ന കസേരയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് എസ്‌കോർട്ട് പോയ പൊലീസുകാരും ഡിവൈഎഫ്ഐ ക്രിമിനലുകളുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ശബ്ദം ഉയർത്താനോ പ്രതിഷേധിക്കാനോ പാടില്ലെന്നാണ്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ഹിറ്റ്‌ലറുടെ ജർമ്മനിയും അല്ല. കേരളമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിനെയാണ് രക്ഷാപ്രവർത്തനമെന്നും അത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലീസാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയത് വധശ്രമമാണെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്.

എന്നിട്ടും എത്ര ഹീനമായ പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്? പൊലീസ് കേസെടുക്കണം. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ പരാതി നൽകും. വധശ്രമം ഇനിയും ആവർത്തിക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. ഇല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകും. പൊലീസ് കസ്റ്റഡിയിൽ പോലും യൂത്ത് കോൺഗ്രസുകാർക്ക് മർദ്ദനമേറ്റു. കസ്റ്റഡിയിലുള്ളവെര സംരക്ഷിക്കാൻ കഴിയാത്ത പൊലീസ് ആരുടെ ജീവനും സ്വത്തുമാണ് സംരക്ഷിക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.നവകേരള സദസിന് ആളില്ലാത്തതുകൊണ്ടാണ് സ്‌കൂൾ കുട്ടികളെ എത്തിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചപ്പോൾ ബാലാവകാശ കമ്മിഷൻ എവിടെ പോയി? കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വർക്കർമാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ നേതൃത്വം നൽകിയ നേതാക്കളാണ് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാവേറുകളാണെന്ന് പറയുന്നത്. അടിമകളെ പോലെയാണ് അവർ പെരുമാറുന്നത്. നവകേരള ബസല്ല, അമേരിക്കയിലെ ടൈം സ്‌ക്വയറിൽ പോയപ്പോൾ മുഖ്യമന്ത്രി ഇരുന്ന കസേരയാണ് മ്യൂസിയത്തിൽ വയ്‌ക്കേണ്ടതെന്നും വി.ഡി സതീശൻ പരിഹസിച്ചു.

പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിയുടെ നവകേരളസദസ് ബസിനെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതിന് ഡി.വൈ. എഫ്. ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊതിരെ തല്ലിപരുക്കേൽപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻസന്ദർശിച്ചു. ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നനാലുപ്രവർത്തകരെയാണ് പ്രതിപക്ഷ നേതാവ് സന്ദർശിച്ചത്. ഇതിൽ തലയ്ക്കു പൂച്ചെട്ടികൊണ്ടും ഹെൽമെറ്റുകൊണ്ടുമുള്ള മാരകമായ അടിയേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തലയുടെ ഉള്ളിൽ രക്തസ്രാവമുള്ളതിലാണ് സുധീഷിനെ ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയത്. അക്രമത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മഹിതാമോഹൻ(35)കല്യാശേരി ബ്ളോക്ക് പ്രസിഡന്റ് പി.പി രാഹുൽ(30) കെ. എസ്.യു ബ്ളോക്ക്സെക്രട്ടറി സഞ്്ജു സന്തോഷ്(19) മിഥുൻകുളപ്പുറം(33) മാടായി കോളേജ് യൂനിയൻ ചെയർമാൻ സായിശരൺ(20) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇവരെ മർദ്ദിച്ചകേസിൽ നാലു ഡി.വൈ. എഫ്. ഐ പ്രവർത്തകർഅറസ്റ്റിലായിട്ടുണ്ട്.