കോഴിക്കോട്: നവകേരള സദസ്സിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും ദീപാലങ്കാരം നടത്തണമെന്ന് കൊയിലാണ്ടി നഗരസഭയുടെ നിർദ്ദേശം ചർച്ചകളിൽ. നവംബർ 23 മുതൽ 25 വരെ മൂന്നുദിവസങ്ങളിൽ വൈദ്യുതദീപങ്ങൾ തെളിയിച്ചുള്ള അലങ്കാരങ്ങൾ സജ്ജീകരിക്കണമെന്നാണ് സ്ഥാപനമേധാവികളോട് നഗരസഭ നിർദേശിച്ചിരിക്കുന്നത്. ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് ഉയരുന്ന ചോദ്യം.

സ്ഥാപനത്തിന് മുൻവശത്ത് ഹരിതചട്ടം പാലിച്ചുള്ള അലങ്കാരങ്ങൾ ഒരുക്കണമെന്നും സ്ഥാപനത്തിന്റെ മുൻവശവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരസഭയുടെ ഉത്തരവിൽ പറയുന്നുണ്ട്. നവംബർ 25-ന് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നത്. പരിപാടിയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനായാണ് ദീപാലങ്കാരം നടത്തുന്നതെന്നാണ് നഗരസഭാ സംഘാടകസമിതിയുടെ ഉത്തരവിൽ പറയുന്നത്.

കഴിഞ്ഞദിവസം നടുവണ്ണൂർ പഞ്ചായത്തും സമാനരീതിയിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. നവകേരള സദസ്സിന്റെ ഭാഗമായി ദീപം തെളിയിക്കണമെന്ന സർക്കാർ നിർദേശമുണ്ടെന്നും അതിനാൽ നിർബന്ധമായും ദീപം തെളിയിക്കേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് നടുവണ്ണൂർ പഞ്ചായത്തിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. ദീപം തെളിയിച്ച് അതിന്റെ ഫോട്ടോ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നു.