പാലക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്. വേദിക്കുള്ളിൽ പടക്കം പൊട്ടിച്ചതിന് കണ്ടാലറിയാവുന്നവർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനദാനത്തിനിടെ സദസിൽ നിന്നും പടക്കം പൊട്ടിയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സംഭവത്തിൽ ഒരു അദ്ധ്യാപകനും വിദ്യാർത്ഥിക്കും പരിക്കേറ്റു. മണ്ണാർക്കാട് ഡിഎച്ച്എസ് സ്‌കൂളിലായിരുന്നു ഉപജില്ലാ കലോത്സവം നടന്നത്.

ഹൈസ്‌കൂൾ വിഭാഗത്തിൽ ഓവറോൾ ചാംപ്യന്മാരായ എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും കല്ലടി സ്‌കൂളിലെയും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ എംഇഎസ് സ്‌കൂളിലെ അദ്ധ്യാപകർ അശ്രദ്ധമായി പടക്കങ്ങൾ പൊട്ടിക്കുകയും ഇവ സദസിനിടയിൽ ചെന്ന് വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കസേരകളും മറ്റും ഉപയോഗിച്ചാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടിയത്. ഒടുവിൽ പൊലീസെത്തി ലാത്തി വീശിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.