ചെന്നൈ: നടി തൃഷ കൃഷ്ണനെതിരേ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസെടുത്തതിന് സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ മൻസൂർ അലി ഖാൻ. ചെന്നൈ പ്രിൻസിപ്പൽ കോടതിയിലാണ് മൻസൂർ ഹർജി നൽകിയത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് മൻസൂറിന് നോട്ടിസ് നൽകിയിരുന്നു. പിന്നാലെയാണ് താരം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് നടനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്‌നാട് ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ഉടൻ നടനെ അറസ്റ്റു ചെയ്‌തേയ്ക്കും.

അതേസമയം താൻ നടത്തിയ പരാമർശത്തിൽ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി മൻസൂർ ബുധനാഴ്ച രംഗത്തെത്തിയിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ല. തൃഷയ്‌ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ അവകാശപ്പെട്ടു.